
അന്‍പത്തൊന്‍പതുകാരനായ പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരന്‍ മരിച്ചു. ന്യൂയോര്‍ക്കിലാണ് സംഭവം. പിതാവും മകനും മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഡേവിഡ് കോണ്‍ഡേ എന്ന 59കാരനും രണ്ട് വയസുള്ള മകന്‍ ഡേവിഡ് കോണ്‍ഡേ ജൂനിയറിനേയും കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ സൈറാകോസില്‍ നിന്ന് 55 മൈല്‍ അകലെയായിരുന്നു ഇവരുടെ വീട്. സ്ഥിരമായുള്ള പരിശോധനകള്‍ക്ക് മകനുമായി എത്താറുള്ള ഡേവിഡിനെ കാണാതെ വന്നതിനേ തുടര്‍ന്ന് പൊലീസ് വിട്ടീലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ മല്‍പ്പിടുത്തമോ മറ്റ് ആക്രമണമോ മോഷണ ശ്രമമോ നടന്നതിന്‍റെ അടയാളങ്ങളും കാണാനില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടന്നത്. അപാര്‍ട്ട്മെന്‍റിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തുന്നതിന് രണ്ട് ദിവസം മുന്‍പായിരിക്കാം മരണം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. അമ്മ, അമ്മയുടെ അമ്മ, ആറ് സഹോദരന്മാര്‍ എന്നിവരടങ്ങുന്നതാണ് ഡേവിഡിന്‍റെ കുടുംബം.
2019 ഒക്ടോബര്‍ 29നാണ് ഡേവിഡ് ജൂനിയര്‍ ജനിച്ചത്. ജനന സമയത്തെ ചില തകരാറുകള്‍ മൂലം അടുത്തിടെ മാത്രമായിരുന്നു ഡേവിഡ് ജൂനിയര്‍ നടക്കാന്‍ ആരംഭിച്ചത്. നിരവധി ശസ്ത്രക്രിയകള്‍ക്കും പരിശീലനത്തിനും ശേഷമായിരുന്നു ഇത്. ചികിത്സയുടെ ഭാഗമായുള്ള തെറാപ്പിക്ക് ഇവര്‍ എത്താത്തതാണ് പൊലീസിനെ ഇവരുടെ വീട്ടിലെത്തിച്ചത്. മരണത്തേക്കുറിച്ച് പൊലീസ് അന്വേഷണം തിങ്കളാഴ്ചയാണ് പൂര്‍ത്തിയായത്.
ഡേവിഡിന്‍റേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപ്പോര്ട്ടില്‍ വ്യക്തമാക്കുന്നു. ഇവരുടെ മരണം നടക്കുന്ന സമയത്ത് അപാര്‍ട്ടമെന്‍റില്‍ മറ്റാരെങ്കിലുമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. കേസ് അന്വേഷണം പൂര്‍ത്തിയായെന്നും ന്യൂയോര്‍ക്ക് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam