
ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ പോരാട്ടത്തില്‍ അവകാശവാദങ്ങള്‍ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. പാക് സൈന്യം 200ലേറെ താലിബാന്‍ ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭീകകരും ഉള്‍പ്പെട്ടെന്നും പാക് സൈന്യം വ്യക്തമാക്കി. താലിബാൻ ക്യാമ്പുകൾ, പോസ്റ്റുകൾ, തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍, അഫ്ഗാൻ പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ശൃംഖലകൾ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ സൈന്യം കൃത്യമായ ആക്രമണങ്ങളും റെയ്ഡുകളും നടത്തിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ പാകിസ്ഥാൻ സൈന്യം പറഞ്ഞു.
അതിർത്തിയിലെ നിരവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു. അതിർത്തിയിലെ അഫ്ഗാൻ ഭാഗത്തുള്ള 21 സ്ഥാനങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സുഗമമാക്കാനും ഉപയോഗിച്ചിരുന്ന ഒന്നിലധികം തീവ്രവാദ പരിശീലന ക്യാമ്പുകൾ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടികളെ സ്വയം പ്രതിരോധം എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. ഇനിയും എന്തെങ്കിലും പ്രകോപനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്നും പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയും ഖത്തറും സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തു.
നേരത്തെ, കാബൂൾ ആക്രമണത്തിന് പകരമായി താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഐഎസിന്റെ സാന്നിധ്യത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന് തങ്ങളുടെ വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ അവകാശമുണ്ട്. ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല. പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്ന് ഒളിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ അഫ്ഗാന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐസിസ് ഗ്രൂപ്പ് ഭീഷണിയാണെന്നും താലിബാന്‍ പറഞ്ഞു.