
ഒട്ടാവ: പൊളിഞ്ഞുവീഴുമെന്ന ഭീഷണിയെ തുടര്‍ന്ന് പൊളിച്ചുനീക്കാന്‍ തീരുമാനിച്ച ഏകദേശം 200 വർഷം പഴക്കമുള്ള കെട്ടിടം മാറ്റി സ്ഥാപിച്ചു. എന്നാൽ, വെറും 700 ബാർ സോപ്പ് ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചുമാറ്റാതെ മാറ്റി സ്ഥാപിച്ച് സംരക്ഷിക്കപ്പെട്ടത്. കാനഡയിലാണ് സംഭവം. കാനഡയിലെ നോവ സ്കോട്ടിയയിലെ ഹാലിഫാക്സിൽ ഹോട്ടലായി പ്രവർത്തിച്ചിരുന്ന വിക്ടോറിയൻ കാലത്തെ എംവുഡ് കെട്ടിടമാണ് സംരക്ഷിക്കപ്പെട്ടത്. അതിപുരാതനവും സവിശേഷവുമായ വാസ്തുവിദ്യാ പ്രത്യേകതകൾ കാരണമാണ് കെട്ടിടം മാറ്റി സ്ഥാപിച്ച് സംരക്ഷിക്കാൻ കാരണം.
1826-ൽ നിർമ്മിക്കുകയും പിന്നീട് വിക്ടോറിയൻ എംവുഡ് ഹോട്ടലായി മാറുകയും ചെയ്ത കെട്ടിടം 2018-ലാണ് തകർച്ചയെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ചത്. എന്നാൽ, റിയൽ എസ്റ്റേറ്റ് കമ്പനിയായ ഗാലക്‌സി പ്രോപ്പർട്ടീസ് കെട്ടിടത്തെ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിക്കുകയും അപ്പാർട്ട്മെന്റ് കെട്ടിടവുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചു. കടുത്ത വെല്ലുവിളി നേരിടുന്നതായിരുന്നു തീരുമാനം. 220 ടൺ ഭാരമാണ് കെട്ടിടത്തിന് കണക്കാക്കിയിരിക്കുന്നത്. എന്നാൽ എസ് റഷ്‌ടൺ കൺസ്ട്രക്ഷനിൽ നിന്നുള്ള ടീം ദൗത്യത്തിന് തയ്യാറായി രംഗത്തെത്തി.
പരമ്പരാഗത റോളറുകൾ ഉപയോഗിക്കുന്നതിനുപകരം, ഐവറി സോപ്പ് ഉപയോഗിച്ച് നിർമ്മിച്ച ബാറുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. മൃദുവായ സോപ്പ് ബാറുകൾ കെട്ടിടത്തെ സുഗമമായി നീക്കാൻ സഹായിച്ചു. രണ്ട് എക്‌സ്‌കവേറ്ററുകളും ഒരു ടോ ട്രക്കും ഉപയോഗിച്ച് വലിച്ചാണ് കെട്ടിടം നീക്കിയത്. ഐവറി സോപ്പിന്റെ മൃദുത്വമാണ് എംവുഡ് കെട്ടിടം സുഗമമായി 30 അടി വലിച്ചു നീക്കാൻ സഹായിച്ചതെന്ന് നിർമ്മാണ കമ്പനിയുടെ ഉടമ ഷെൽഡൺ റഷ്‌ടൺ പറഞ്ഞു. പുതിയ അടിത്തറ പൂർത്തിയാകുമ്പോൾ കെട്ടിടത്തെ അതിലേക്ക് സ്ഥാപിക്കും. സംഭവത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.