
ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു വിവാഹമോചന കേസിന് ഒടുവിൽ പര്യവസാനം. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഒത്തുതീർപ്പിലെത്തിയെന്ന് കരുതിയ കേസിൽ, ഭർത്താവ് ഒളിപ്പിച്ചുവെച്ച കോടികളുടെ സ്വത്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് 6.6 മില്യൺ പൗണ്ട് (ഏകദേശം 85 കോടി രൂപ) നൽകാൻ യുകെ ഹൈക്കോടതി ഉത്തരവിട്ടു. പരസ്ത്രീ ബന്ധവും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി മൂന്ന് കുട്ടികളുടെ അമ്മയായ വർഷ ഗോഹിൽ 2002-ലാണ് ഭർത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ വിവാഹമോചനത്തിന് ഫയൽ ചെയ്യുന്നത്. അന്ന് ഭദ്രേഷ് കാണിച്ച സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ 270,000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) കുടുംബത്തിന്റെ ഒരു പ്യൂഷോ കാറും സ്വീകരിച്ച് വർഷ വിവാഹമോചനത്തിന് തയ്യാറായിരുന്നു. എന്നാൽ ഭർത്താവ് സ്വത്തുക്കൾ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് വർഷ സംശയിച്ചിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോരിയുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട വൻ പണമിടപാട് കേസിൽ ഭദ്രേഷ് ഗോഹിൽ പ്രതിയായതോടെയാണ് കാര്യങ്ങൾ മാറിയത്. 2011-ൽ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി ഭദ്രേഷിന് 10 വർഷത്തെ തടവുശിക്ഷ ലഭിച്ചു. ഈ അന്വേഷണത്തിലാണ് വിവിധ രാജ്യങ്ങളിലായി ഭദ്രേഷ് ഒളിപ്പിച്ചുവെച്ച ഏകദേശം 28 മില്യൺ പൗണ്ടിന്റെ സ്വത്തു വിവരങ്ങൾ പുറത്തുവന്നത്.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വർഷ 2015-ൽ യുകെ സുപ്രീം കോടതിയെ സമീപിക്കുകയും കേസ് വീണ്ടും തുറക്കാൻ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഭദ്രേഷ് ഒളിപ്പിച്ച സ്വത്തുക്കൾ പൂർണ്ണമായും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന് പ്രൊസിക്യൂഷൻ വാദിച്ചപ്പോൾ, ഇതിൽ വലിയൊരു പങ്ക് തങ്ങളുടെ വിവാഹജീവിതകാലത്ത് നിയമാനുസൃതമായ ബിസിനസ്സിലൂടെ ഉണ്ടാക്കിയതാണെന്ന് വർഷ കോടതിയിൽ വാദിച്ചു. ഒടുവിൽ ഹൈക്കോടതിയിലെ ജസ്റ്റിസ് വില്യംസ് നടത്തിയ വിശദമായ പരിശോധനയിൽ 6.66 മില്യൺ പൗണ്ടിന്റെ സ്വത്തുക്കൾ നിയമാനുസൃതമാണെന്ന് കണ്ടെത്തുകയും അത് വർഷ ഗോഹിലിന് നൽകാൻ ഉത്തരവിടുകയുമായിരുന്നു. ഭദ്രേഷ് ഗോഹിലിന്റെ പ്രതിരോധ വാദങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച ജഡ്ജി, ഇയാൾ സത്യസന്ധതയില്ലാത്ത ആളാണെന്നും നിരീക്ഷിച്ചു. കഴിഞ്ഞ മാസം യുകെ കോടതി ഓഫ് അപ്പീൽ ഇനി ഇതിന്മേൽ അപ്പീലുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് 23 വർഷം നീണ്ട ഈ കേസിന് പൂർണ്ണ വിരാമമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam