ഇംഗ്ലണ്ടിലെ ഒരു മുന്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന് അടിയില്‍ നിന്ന് 240 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

Published : Oct 11, 2022, 03:41 PM ISTUpdated : Oct 13, 2022, 10:51 AM IST
ഇംഗ്ലണ്ടിലെ ഒരു മുന്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന് അടിയില്‍ നിന്ന് 240 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

Synopsis

2013 വരെ ഇവിടെ ഒരു ജനപ്രിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, മധ്യകാലഘട്ടത്തില്‍ ഇവിടെ ഒരു സന്ന്യാസി മഠം പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. 

ഇംഗ്ലണ്ടിലെ ഒരു മുന്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന് അടിയില്‍ നിന്ന് കുട്ടികളുടെത് ഉള്‍പ്പെടെ 240 ല്‍ അധികം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇംഗ്ലണ്ടിലെ പെംബ്രോക്‌ഷയറിലെ ഹാവർഫോർഡ്‌വെസ്റ്റിലെ പഴയ ഒരു ഓക്കി വൈറ്റ് കെട്ടിടത്തിന് അടിയില്‍ നിന്നാണ് ഇത്രയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2013 വരെ ഇവിടെ ഒരു ജനപ്രിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, മധ്യകാലഘട്ടത്തില്‍ ഇവിടെ ഒരു സന്ന്യാസി മഠം പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഏകദേശം 1256-ൽ ഡൊമിനിക്കൻ സന്യാസിമാർ സ്ഥാപിച്ച സെന്‍റ് സേവിയേഴ്‌സ് സന്ന്യാസി മഠമാണതെന്ന് കരുതുന്നതായി പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു.

ഡൈഫെഡ് പുരാവസ്തു ട്രസ്റ്റിൽ നിന്നുള്ള സൈറ്റ് സൂപ്പർവൈസർ ആൻഡ്രൂ ഷോബ്രോക്ക്, ഡോർമെറ്ററികൾ, സ്ക്രിപ്റ്റോറിയങ്ങൾ - എഴുത്തുകൾക്കും കൈയെഴുത്തുപ്രതികൾക്കും വേണ്ടി നീക്കിവച്ചിരിക്കുന്ന മുറികൾ - സ്റ്റേബിളുകൾ, ഒരു ആശുപത്രി എന്നിവ അടങ്ങിയ  കെട്ടിടങ്ങളുടെ ഒരു സുപ്രധാന സമുച്ചയമായാണ് സന്ന്യാസി മഠത്തെ വിശേഷിപ്പിച്ചത്. 'മൃതദേഹങ്ങള്‍ അടക്കം ചെയ്യേണ്ടത് വളരെ അഭിമാനകരമായ സ്ഥലത്താണ്. നിങ്ങൾക്ക്, സമ്പന്നർ മുതൽ സാധാരണ നഗരവാസികൾ വരെ നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇവിടെ കണ്ടെത്താന്‍ കഴിയുമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനെട്ടാം നൂറ്റാണ്ടിന്‍റ ആരംഭം വരെ ഈ ശ്മശാനം ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

അവശിഷ്ടങ്ങളിൽ പകുതിയോളം കുട്ടികളുടേതാണ്. അക്കാലത്തെ കുട്ടികളിലെ ഉയര്‍ന്ന മരണ നിരക്കിനെ ഇത് സൂചിപ്പിക്കുന്നെന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍, ചില മൃതദേഹാവശിഷ്ടങ്ങളുടെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ഇവ യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായതാകാം. മുറിവുകളില്‍ പലതും അമ്പുകളോ മറ്റ് ആയുധങ്ങളോ കൊണ്ട് ഉണ്ടായവയാണെന്നും ഷോബ്രൂക്ക് കൂട്ടിചേര്‍ത്തു. 

വെൽഷ് സ്വദേശിയും അവസാന വെയില്‍സ് രാജകുമാരന്‍ എന്ന പദവി നേടിയ ഒവൈൻ ഗ്ലിൻഡറിന്‍റെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളാകാം ഇവയെന്ന് കരുതുന്നു. വെയില്‍സിലെ ഇംഗ്ലീഷ് അധിനിവേശത്തിനെതിരെ പോരാടാന്‍ വെല്‍ഷ്. ഫ്രഞ്ച് സൈന്യങ്ങളുടെ സംയുക്ത സേനയാണ് ഇറങ്ങിയത്. "1405-ൽ ഒവൈൻ ഗ്ലിൻഡർ പട്ടണം ഉപരോധിച്ചതായും ആ സംഘട്ടനത്തിന്‍റെ ഇരകളാകാം ഇവരെന്നും" ഷോബ്രൂക്ക് കൂട്ടിചേര്‍ത്തു. മൃതദേഹാവശിഷ്ടങ്ങളും മറ്റ് കണ്ടെത്തലുകളും വൃത്തിയാക്കിയ ശേഷം സംരക്ഷിക്കാനായി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും
ഇറാനില്‍നിന്ന് ചോര്‍ന്ന ഞെട്ടിക്കുന്ന ഫോട്ടോകള്‍; പുറംലോകമറിയാതെ മറച്ചുവെച്ച മൃതദേഹങ്ങള്‍!