
വാഷിങ്ടൺ: മയക്കുമരുന്നുമായി അമേരിക്കയിലേക്ക് പുറപ്പെട്ട അന്തർവാഹിനി കപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ച് നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പിടികൂടിയ രണ്ട് പേരെ അവരുടെ മാതൃരാജ്യങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുകയാണെന്നും ട്രംപ് അറിയിച്ചു. സൈനിക നടപടിയുടെ വീഡിയോ വൈറ്റ് ഹൗസ് പുറത്തിറക്കി. ഡൊണാൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയും ഇത് പങ്കുവച്ചു. വലിയ മയക്കുമരുന്ന് അന്തർവാഹിനി നശിപ്പിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. കപ്പലിൽ ഫെന്റനൈലും മറ്റ് മയക്കുമരുന്നുകളും നിറച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ കൊളംബിയൻ പ്രതിയെ തിരിച്ചയച്ചതായി സ്ഥിരീകരിച്ചു. നിയമപ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുമെന്നും പെട്രോ എക്‌സിൽ പറഞ്ഞു.
ലാറ്റിനമേരിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായിരുന്നു ആക്രമണം എന്ന് ട്രംപ് വിശേഷിപ്പിച്ചു. സെപ്റ്റംബർ മുതൽ, കരീബിയനിൽ കുറഞ്ഞത് ആറ് കപ്പലുകളെങ്കിലും യുഎസ് ആക്രമിച്ചു. ഇതുവരെ 27 കള്ളക്കടത്തുകാരെ കൊലപ്പെടുത്തിയെന്നും ട്രംപ് അവകാശവാദമുന്നയിച്ചു. അന്തർവാഹിനി എവിടെ നിന്നാണ് പുറപ്പെട്ടതെന്ന് യുഎസ് വെളിപ്പെടുത്തിയിട്ടില്ല. രഹസ്യ കേന്ദ്രങ്ങളിലെ കപ്പൽശാലകളിൽ നിർമ്മിച്ച സെമി-സബ്‌മെഴ്‌സിബിൾ കപ്പലുകൾ തെക്കേ അമേരിക്കയിൽ നിന്ന്, പ്രധാനമായും കൊളംബിയയിൽ നിന്ന് മധ്യ അമേരിക്കയിലേക്കോ മെക്സിക്കോയിലേക്കോ പസഫിക് സമുദ്രം വഴി കൊക്കെയ്ൻ കൊണ്ടുപോകാൻ വളരെക്കാലമായി ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam