
ദില്ലി: റഷ്യ - യുക്രൈയിൻ യുദ്ധത്തിൽ റഷ്യൻ കരസേനയിൽ ജോലി ചെയ്തത് 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ. 202 ഇന്ത്യാക്കാരാണ് അനധികൃതമായി റഷ്യൻ സേനയിലുണ്ടായിരുന്നത്. ഇതിൽ ഏഴ് പേരെ കാണാതായെന്നും 119 പേരെ തിരികെ എത്തിച്ചെന്നും കേന്ദ്രം അറിയിച്ചു. 50 പേരെ തിരികെ എത്തിക്കാൻ നടപടികൾ തുടരുകയാണ്. മലയാളികൾ അടക്കം റഷ്യൻ സേനയിൽ കുടുങ്ങിയെന്ന വാർത്തക്ക് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ. ഈ മാസം ആദ്യം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് റഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിച്ചത്. 23 -ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പുടിൻ, ഇന്ത്യയുമായി നിർണായക കരാറുകളിൽ ഒപ്പിട്ട ശേഷമാണ് മടങ്ങിയത്.
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്നാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചത്. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വലിയ വിജയമായ സന്ദർശനം എന്നാണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ കുറിച്ചത്. വ്യാപാരം ഇരട്ടിയാക്കാനും 2030 വരേയ്ക്കുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കാനായതും നേട്ടമെന്ന് സർക്കാർ കരുതുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും ഇത് നിറുത്തിവയ്ക്കില്ല എന്ന സൂചനയാണ് ഇന്ത്യ - റഷ്യ സംയുക്ത പ്രസ്താവന നൽകിയത്. എണ്ണ ഇറക്കുമതി കുറയുമ്പോഴും കൂടുതൽ രാസവളം അടക്കം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചു. ഖനനം അടക്കമുള്ള മേഖലകളിൽ റഷ്യയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധർക്കും തൊഴിലാളികൾക്കും പോകാൻ സഹായകരമാകുന്ന കരാറും ഇന്നലെ ഒപ്പു വച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam