
അബുജ: തെക്കൻ നൈജീരിയയിലെ ഒരു കൃസ്ത്യൻ പള്ളി ചാരിറ്റി പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 31 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദരിദ്രരെ സഹായിക്കാൻ സംഘടിപ്പിച്ച പരിപാടിയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരു ഗർഭിണിയും നിരവധി കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. റിവേഴ്‌സ് സ്റ്റേറ്റിലെ കിംഗ്‌സ് അസംബ്ലി പെന്തക്കോസ്ത് ചർച്ച് സംഘടിപ്പിച്ച “ഷോപ്പ് ഫോർ ഫ്രീ” ചാരിറ്റി പരിപാടിയിൽ പങ്കെടുത്തവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് വക്താവ് ഗ്രേസ് ഇറിഞ്ച് കോക്കോ പറഞ്ഞു.
ശനിയാഴ്ചത്തെ രാവിലെ ഒമ്പത് മണിക്കാണ് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത്. എന്നാൽ ആളുകൾ രാവിലെ അഞ്ച് മണിക്ക് തന്നെ എത്തി. തിരക്കുമൂലം പൂട്ടിയിട്ട ഗേറ്റ് തകർത്താണ് ആളുകൾ അകത്തുപ്രവേശിച്ചത്. ചവിട്ടിയരക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സുരക്ഷാസേയെ പ്രദേശത്ത് വിന്യസിച്ചു.
സംഭവത്തെ തുടർന്ന് നിരവധിയാളുകൾ പ്രദേശത്ത് തടിച്ചുകൂടി. പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകി. വസ്ത്രങ്ങളും ഷൂകളും മറ്റ് വസ്തുക്കളുമാണ് സൗജന്യമായി വിതരണം ചെയ്യാൻ കൊണ്ടുവന്നിരുന്നത്. മരിച്ചവരിൽ കൂടുതലും കുട്ടികളായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഗർഭിണിയായ സ്ത്രീയും കൊല്ലപ്പെട്ടു. സംഭവത്തിനിടെ ആക്രമണവുമുണ്ടായി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സഭ വിസമ്മതിച്ചു. 2013-ൽ തെക്കുകിഴക്കൻ സംസ്ഥാനമായ അനമ്പ്രയിലെ പള്ളിയിലുണ്ടായ തിരക്കിൽപ്പെട്ട് 24 പേർ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam