
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായത്. ലഹരിക്കടിമയായവരെ ചികിത്സിക്കുന്ന, 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നെന്ന് അഫ്ഗാനിസ്ഥാനിലെ സർക്കാർ വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. അതേസമയം അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് അവകാശവാദം. എന്നാൽ ആക്രമണത്തെ അപലപിച്ച അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ്, പാകിസ്ഥാൻ ആശുപത്രികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ആരോപിച്ചു.
പാകിസ്ഥാൻ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചെന്ന് സബിഹുള്ള മുജാഹിദ് പ്രതികരിച്ചു. പാകിസ്ഥാൻ കാബൂളിലെ ലഹരി പുനരധിവാസ ആശുപത്രിയെ ലക്ഷ്യം വച്ച് രോഗികളെ കൊലപ്പെടുത്തി. ഈ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നു, അത്തരമൊരു പ്രവൃത്തി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതായി പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. കാബൂളിലെ ആയുധ സംഭരണ കേന്ദ്രം തകർത്തെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ ഭരണകൂടം ഭീകര സംഘടനകളെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ മാത്രമാണ് ലക്ഷ്യം വച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam