5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, 'പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും'

Published : Jul 01, 2025, 10:49 PM IST
 PM Modi lashes out at opposition in Bihar

Synopsis

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ദില്ലി: അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രക്കാണ് നാളെ തുടക്കമാകുക. 8 ദിവസത്തെ സന്ദർശനത്തിൽ നാളെ ആദ്യം പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് അൻറ് ടൊബാഗോ, അർജന്‍റീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും.

വിശദവിവരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 2 മുതൽ 9 വരെ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രയാണിത്. ബ്രസീലിൽ നടക്കുന്ന 17 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം, ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയെന്നതും മോദിയുടെ ലക്ഷ്യമാണ്. ഘാനയിലേക്കുള്ള സന്ദർശനം 30 വർഷത്തിനിടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ എന്നിവിടങ്ങളിലേക്കും മോദിയുടെ ആദ്യ സന്ദർശനമാണ്.

സുരക്ഷാ സഹകരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യം തുടങ്ങിയ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ മോദിയുടെ സന്ദർശനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഘാനയിലേക്കുള്ള സന്ദർശനത്തിന് വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. ഇന്ത്യ, ഘാനയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടക്കുമെന്ന് ഉറപ്പാണ്. നമീബിയൻ സന്ദർശനത്തിൽ ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു പി ഐ) നടപ്പിലാക്കുന്നതിനുള്ള കരാറും പ്രതീക്ഷിക്കുന്നു. ഘാന, നമീബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവിടങ്ങളിലെ പാർലമെന്റുകളെ മോദി അഭിസംബോധന ചെയ്യും. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2025 ൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ 180-ാം വാർഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ, ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികൾ ഉച്ചകോടിയിൽ ചർച്ചയാകും. ആഗോള രാഷ്ട്രീയ സാഹചര്യം, കാലാവസ്ഥാ ധനസഹായം, മാരക രോഗങ്ങൾക്കെതിരായ പോരാട്ടത്തിലെ സഹകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ബ്രിക്സ് ഉച്ചകോടിയിൽ നടക്കും.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു