
സിയോൾ: ഓഫീസ് സുഹൃത്തുക്കളുടെ കൈവിട്ട പ്രാങ്ക്. 50കാരിക്ക് 1,79,702 രൂപ പിഴയിട്ട് കോടതി. പിഴ ശിക്ഷയ്ക്ക് പുറമെ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള ക്ലാസുകളിൽ പങ്കെടുക്കാനുമാണ് 50കാരിക്ക് കോടതി ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയയിലാണ് സംഭവം. കഴിഞ്ഞ ഒക്ടോബറിൽ ഗ്യാംഗ്വോൻ പ്രവിശ്യയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് അൻപതുകാരി ഇരുപതുകാരനായ സഹപ്രവർത്തകനെ പ്രാങ്ക് ചെയ്തത്.
പാന്‍സിങ്, ഡീബാഗിംങ് എന്ന പേരിൽ കുപ്രസിദ്ധമായ പ്രാങ്കാണ് അൻപതുകാരി സഹപ്രവർത്തകനോട് ചെയ്തത്. മറ്റ് സഹപ്രവർത്തകർക്ക് മുന്നിൽ വച്ച് യുവാവിന്റെ പാന്റ് വലിച്ചൂരാനാണ് അൻപതുകാരി ശ്രമിച്ചത്. പ്രാങ്കിനിടെ ഇരുപതുകാരന്റെ അടിവസ്ത്രവും ഊരിപ്പോയത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രാങ്ക് മൂലം തനിക്കും കുടുംബത്തിനും നാണക്കേടുണ്ടായതോടെയാണ് യുവാവ് പൊലീസിൽ പരാതിപ്പെട്ടത്. സഹപ്രവർത്തകനെ അപമാനിതനാക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നില്ല പ്രാങ്കെന്ന അൻപതുകാരിയുടെ വാദം തള്ളിയാണ് ചുൻചിയോൺ ജില്ലാ കോടതിയുടെ വിധി. എന്നാൽ അൻപതുകാരിക്ക് നേരത്തെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പശ്ചാത്തലമില്ലാത്തതിനാൽ കോടതി കുറഞ്ഞ ശിക്ഷയാണ് നൽകിയത്. അൻപതുകാരി യുവാവിന്റെ മാതാപിതാക്കളോടും കുടുംബത്തോടും നേരത്തെ ക്ഷമാപണം നടത്തിയിരുന്നു.
ഏറെക്കാലമായി ഈ പ്രാങ്കേ ദക്ഷിണ കൊറിയയിലെ നിരവധി റിയാലിറ്റി ഷോകളിലും കോമഡി പരിപാടികളിലും സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ഒന്നാണ്. എന്നാൽ ഇത് ബുള്ളിയിംഗ് ആണെന്നും ലൈംഗികാതിക്രമം ആണെന്നുമുള്ള അഭിപ്രായമാണ് ഇപ്പോൾ പൊതുവെ ഉയരുന്നത്. ഇത് ആദ്യമായല്ല ഡീ ബാഗിംങ് ചെയ്തതിന്റെ പേരിൽ ദക്ഷിണ കൊറിയയിൽ ഒരാൾക്ക് ശിക്ഷ നേരിടേണ്ടി വരുന്നത്. 2019ല്‍ ദക്ഷിണ കൊറിയന്‍ ഒളിമ്പിക് സ്പീഡ് സ്കേറ്ററായ ലിം, ഹിയോ ജുന്നിന് തന്‍റെ സഹ കായികതാരത്തിന്‍റെ ട്രൗസര്‍ സ്ത്രീ താരങ്ങള്‍ക്ക് മുന്നില്‍ നിന്ന് വലിച്ചൂരിയതിന് ഒരു വര്‍ഷം വിലക്ക് നേരിട്ടിരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം