
സിയോൾ: വിഷാദ രോഗത്തിന് ചികിത്സ തേടാൻ അവധി ചോദിച്ചത് ആറ് മാസം. ലഭിച്ചത് 20 ദിവസം. പ്രൈമറി സ്കൂളിലേക്ക് തിരിച്ചെത്തിയ അധ്യാപിക എട്ടുവയസുകാരിയെ കുത്തിക്കൊന്നു. ദക്ഷിണ കൊറിയയിലെ ഡേജോനിലാണ് സംഭവം. കുട്ടിയ ആക്രമിച്ചത് താൻ തന്നെയാണെന്ന് അധ്യാപിക ഇതിനോടകം കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് ആറ് മണിയോടെയാണ് സ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ എട്ടുവയസുകാരിയെ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സമീപത്ത് അധ്യാപികയെ ആത്മഹത്യാ ശ്രമം നടത്തിയ നിലയിലും കണ്ടെത്തിയിരുന്നു. രണ്ട് പേരെയും പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടുവയസുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിസംബറിൽ മാനസികാരോഗ്യ വെല്ലുവിളിക്ക് ചികിത്സ തേടാനായി 40കാരിയായ അധ്യാപിക ആറ് മാസത്തെ ലീവ് തേടിയിരുന്നു. എന്നാൽ 20 ദിവസത്തിന് ശേഷം അധ്യാപിക ജോലി ചെയ്യാൻ പ്രാപ്തയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഇവർ തിരികെ ജോലിയിലേക്ക് എത്തിയത്.
കുട്ടിയെ ആക്രമിക്കുന്നതിന് മുൻപായി സ്കൂളിലെ ഒരു അധ്യാപികയേയും 40കാരിയായ അധ്യാപിക ആക്രമിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. സ്കൂൾബസിൽ കുട്ടി എത്താത്തതിന് പിന്നാലെയായിരുന്നു ഇത്. ആത്മഹത്യാ ശ്രമത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അധ്യാപികയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടനേ ചോദ്യം ചെയ്യുമെന്ന് അധികൃതർ വിശദമാക്കി. ഡിസംബറിൽ ലീവിൽ പോയി തിരികെ വന്ന ശേഷം ഇവർ ഒരു ക്ലാസിലും പഠിപ്പിച്ചിരുന്നില്ല. അതിനാൽ തന്നെ കുട്ടിയെ ആക്രമിച്ചത് എന്ത് കാരണം കൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.
അധ്യാപിക സഹപ്രവർത്തകയെ ആക്രമിച്ചതിന് പിന്നാലെ ഇവരെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് സീറ്റ് മാറ്റി നൽകിയിരുന്നു. തോക്കുകളുടെ ഉപയോഗത്തിന് അടക്കം കർശന നിയമങ്ങളുള്ള ദക്ഷിണ കൊറിയ സാധാരണ ഗതിയിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അടുത്തിടെയാണ് കത്തിക്കുത്ത് അടക്കമുള്ള സംഭവങ്ങൾ രാജ്യത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam