
പാരീസ്: ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ചെറുബോട്ടിൽ കടക്കാൻ ശ്രമിച്ച 85 കുടിയേറ്റക്കാരെ ഫ്രെഞ്ച് നാവിക സേന രക്ഷപ്പെടുത്തി. അനധികൃത കുടിയേറ്റ ശ്രമത്തിനിടയിൽ ബുധനാഴ്ചയാണ് സംഭവം. കുടിയേറ്റക്കാരുമായ ചാനൽ മുറിച്ച് കടക്കാനെത്തിയ ബോട്ട് മണൽ തിട്ടയിൽ ഇടിച്ച് നിന്നതിന് പിന്നാലെയാണ് നാവിക സേന സഹായത്തിനെത്തിയത്.
പാസ് ഡേ കാലെയ്സ് മേഖലയിലാണ് ചെറുബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് നിന്നത്. രണ്ട് ചെറുബോട്ടുകളിൽ നിന്നായാണ് കുടിയേറ്റക്കാരെ നാവിക സേന രക്ഷപ്പെടുത്തിയത്. ഇവരെ ഫ്രാൻസിലെ വടക്കൻ മേഖലയിലുള്ള തീരദേശ നഗരമായ ബൊലോൺ സർ മേരിലെത്തിച്ച് പ്രാഥമിക ചികിത്സ അടക്കമുള്ളവ നൽകിയതായാണ് ഫ്രാൻസ് നാവിക സേന വിശദമാക്കുന്നത്. ഈ വർഷം മാത്രം ഈ ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടയിൽ 70 കുടിയേറ്റക്കാരാണ് മരണപ്പെട്ടിട്ടുള്ളത്.
അനധികൃതമായി കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശദമാക്കിയ ശേഷവും അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹത്തിന് കുറവില്ലാത്ത കാഴ്ചയാണ് മേഖലയിലുള്ളത്. ബുധനാഴ്ച ജർമനിയിൽ സിറിയൻ ഇറാഖി കുർദ്ദിഷ് ക്രിമിനൽ സംഘത്തിന്റെ നെറ്റ് വർക്ക് കണ്ടെത്താനായി തെരച്ചിൽ നടന്നിരുന്നു. ഫ്രാൻസിൽ നിന്ന് വലിയ രീതിയിൽ കുടിയേറ്റക്കാരെ ബ്രിട്ടനിലെത്തിക്കുന്ന മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു ജർമനിയിലെ റെയ്ഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം