'സമാധാനം പുനസ്ഥാപിക്കണം'; താലിബാനുമായി അധികാരം പങ്കിടാന്‍ അഫ്ഗാന്‍ ഗവണ്‍മെന്റ് തയ്യാറെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Aug 12, 2021, 6:55 PM IST
Highlights

രാജ്യത്തെ അക്രമ സംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗവണ്‍മെന്റ് വാഗ്ദാനം മുന്നോട്ടുവെച്ചത്.
 

ദോഹ: താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അധികാരം പങ്കിടുന്ന കാര്യം മുന്നോട്ടുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 'രാജ്യത്തെ അക്രമ സംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗവണ്‍മെന്റ് വാഗ്ദാനം മുന്നോട്ടുവെച്ചത്. സമാധാന ചര്‍ച്ചയുടെ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന് മുന്നില്‍ താലിബാനുമായി അധികാരം പങ്കിടാമെന്ന വാഗ്ദാനം അഫ്ഗാന്‍ സര്‍ക്കാര്‍ വാഗ്ദാനം മുന്നോട്ടുവെച്ചു. രാജ്യത്ത് സമാധാനം തിരിച്ചുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്ട- വക്താവ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സര്‍ക്കാറിന്റെ നിര്‍ദേശത്തോട് താലിബാന്റെ പ്രതികരണം എന്താണെന്ന് വ്യക്തമല്ല. 

അതിനിടെ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നിയും താലിബാന്‍ പിടിച്ചെടുത്തു. തലസ്ഥാന നഗരമായ കാബൂളിന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്. ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗണ്‍സില്‍ നേതാവ് നാസിര്‍ അഹമ്മദ് ഫഖിരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

ഗസ്‌നി നഗരം പിടിച്ചെടുത്തെന്ന് സമൂഹമാധ്യമങ്ങള്‍ വഴി താലിബാനും വ്യക്തമാക്കി. നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്. രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കാബൂളിന് തൊട്ടടുത്തെ ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് സര്‍ക്കാറിന് തിരിച്ചടിയാകും. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന യുഎസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. രാജ്യത്തെ ജയിലുകള്‍ പിടിച്ചെടുത്ത് ഭീകരരെ മോചിപ്പിക്കുന്നതും താലിബാന്‍ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!