
കാബൂൾ: താലിബാൻ ഭരണത്തിൽ മടുത്ത അഫ്ഗാൻ ജനത തുർക്കിയിലേക്ക് രക്ഷപ്പെടാൻ കാബൂൾ വിമാനത്താവളത്തിലേക്ക് കൂട്ടമായെത്തി. ഭൂകമ്പത്തില്‍ തകര്‍ന്നെങ്കിലും തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടാൽ മതിയെന്ന ആഗ്രഹത്തോടെയാണ് ജനങ്ങൾ എത്തിയത്. താലിബാന്‍ ക്രൂരതയില്‍നിന്നും പട്ടിണിയില്‍നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്ന അവസ്ഥയിലാണ് അഫ്ഗാൻ ജനതയെന്ന് വീഡിയോ വ്യക്തമാക്കുന്നു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തിയത്.
ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനത്തിനായി തുർക്കിയിലേക്ക് വിമാനങ്ങൾ പുറപ്പെടുന്നുവെന്ന കിംവദന്തി പ്രചരിച്ചതിനെ തുടർന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് അഫ്ഗാനികൾ കാബൂൾ വിമാനത്താവളത്തിലേക്ക് ഓടിയെത്തിയത്. കൊടും തണുപ്പിനെ അവഗണിച്ചാണ് ആളുകൾ ഓടിയെത്തിയത്.
ബാഗും സാധനങ്ങളൊന്നുമെടുക്കാതെയാണ് ആളുകൾ എയർപോർട്ടിലേക്ക് എത്തിയത്. വിമാനത്താവളത്തിൽ താലിബാൻ സുരക്ഷാ സേന ഇവരെ തടയുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്കേറ്റു. ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയക്കും താലിബാൻ ഭരണകൂടം സഹായം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് തുർക്കിയിലേക്ക് ദുരിതാശ്വാസ പ്രവർത്തകരെ വിമാനത്തിൽ അയക്കുന്നതായി വ്യാജ പ്രചാരണമുണ്ടായത്. താലിബാൻ ഭരണമേറ്റെടുത്തതിന് പിന്നാലെ, അഫ്ഗാനിൽ നിന്ന് ആയിരങ്ങൾ രക്ഷപ്പെട്ടിരുന്നു. സ്വന്തം കുഞ്ഞിനെ അമേരിക്കൻ പട്ടാളക്കാർക്ക് ഇട്ടുകൊടുക്കുന്ന യുവതിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
താലിബാൻ ഭരണത്തിലേറിയ ശേഷം അഫ്ഗാൻ അതിദാരിദ്ര്യത്തിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തോടൊപ്പം അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളും രാജ്യത്തെ വലയ്ക്കുന്നു. അതിനിടെ പെൺകുട്ടികളെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ നിന്നും താലിബാൻ വിലക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam