നോവിച്ചത് പുടിനെ! ഞെട്ടി നിൽക്കുമ്പോള്‍ യുക്രൈന്‍റെ പരിഹാസമേറ്റ് റഷ്യ, വാഗ്നറിന്‍റെ തുടർ നീക്കങ്ങള്‍ എന്താകും?

Published : Jun 27, 2023, 10:03 PM IST
നോവിച്ചത് പുടിനെ! ഞെട്ടി നിൽക്കുമ്പോള്‍ യുക്രൈന്‍റെ പരിഹാസമേറ്റ് റഷ്യ, വാഗ്നറിന്‍റെ തുടർ നീക്കങ്ങള്‍ എന്താകും?

Synopsis

സാക്ഷാല്‍ വ്ലാദിമിർ പുടിനെതിരെ പട നയിച്ച വാഗ്നര്‍ ഗ്രൂപ്പിന്‍റെ ഭാവി ഇനി എന്താണെന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

വാഗ്നര്‍ ഗ്രൂപ്പ് നയിച്ച പട്ടാള അട്ടിമറി കെട്ടടങ്ങിയിരിക്കുകയാണ്. 1991ല്‍ ഗോര്‍ബച്ചേവിനെതിരായി നടന്ന ഓഗസ്റ്റ് അട്ടിമറി പോലെ, പ്രിഗോഷിന്റെ കലാപശ്രമം പരാജയപ്പെട്ടിരിക്കുന്നു. സാക്ഷാല്‍ വ്ലാദിമിർ പുടിനെതിരെ പട നയിച്ച വാഗ്നര്‍ ഗ്രൂപ്പിന്‍റെ ഭാവി ഇനി എന്താണെന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

പരിഹസാസമേറ്റ് യുക്രൈൻ

യെവ്ഗിനി പ്രഗോഷിന്റെ കലാപം അവസാനിപ്പിക്കാന്‍ സാധിച്ചെങ്കിലും ചെലവിന് കൊടുത്ത് വളര്‍ത്തിയ കൂലിപ്പട്ടാളം തിരഞ്ഞുകൊത്തിയത് കുറച്ചൊന്നുമല്ല റഷ്യക്ക് തലവേദന ഉണ്ടാക്കിയത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത വാഗ്നര്‍, മോസ്‌കോയ്ക്ക് 200 കിമി വരെ അടുത്ത് എത്തിയതായി പറയപ്പെടുന്നു. ലോകത്തിലെ പ്രബല ശക്തിയായ റഷ്യയുടെ വലിയൊരു ഭൂപ്രദേശം കുലിപ്പട്ടാളം അധീനതയിലാക്കി. കടന്നുപോയ പ്രദേശങ്ങളിലൊന്നും കാര്യമായ പ്രതിരോധം വാഗ്നര്‍ ഗ്രൂപ്പിന് നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. 

ഇത് റഷ്യയുടെ പ്രതിരോധത്തിലെ ബലഹീനത തുറന്ന് കാട്ടിയതായി വിമര്‍ശകര്‍ പറയുന്നു. ക്രംലിനിലെ അധികാര ഇടനാഴികളില്‍ വാഗ്നറിന്‍റെ പടനീക്കം പുട്ടിന്റെ പിടിപ്പുകേടായി വിലയിരുത്തുന്നുന്നതായി പാശ്ചാത്യ രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസത്തിനുള്ളില്‍ തന്നെ നിരവധി നഗരങ്ങളുടെ നിയന്ത്രണം റഷ്യക്ക് നഷ്ടപ്പെട്ടെന്നും ലോകശക്തിയായി ആഘോഷിക്കുന്ന രാജ്യം എത്ര ദുര്‍ബലമാണെന്നും യുക്രൈൻ പ്രസിഡന്റ് സെലെന്‍സ്‌കി പരിഹസിച്ചു. വാഗ്നര്‍ ഗ്രൂപ്പ്, ക്രംലിന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് ചെയ്തപ്പോള്‍ പുടിന്‍ മോസ്‌കോയില്‍ നിന്ന് പറന്നതായും സെലെന്‍സ്‌കി ആരോപിച്ചു. പുടിന്‍ തന്നെ സൃഷ്ടിച്ച ശക്തികള്‍ തിരിഞ്ഞ് ആക്രമിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ ബങ്കറില്‍ ഒളിച്ചിരുന്നതായും യുക്രൈന്‍ പ്രസിഡന്‍റ് ആക്ഷേപിക്കുന്നു.  

ഉമപിക്കപ്പെടുന്ന ചരിത്രം 

ഗോര്‍ബച്ചേവിന് എതിരെ 1991ല്‍ നടന്ന ഓഗസ്റ്റ് അട്ടിമറിയോടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വാഗനര്‍ കലാപത്തെ ഉപമിക്കുന്നത്. മൂന്ന് ദിവസം മാത്രം ആയുസ് ഉണ്ടായിരുന്ന പട്ടാള അട്ടിമറിയാണ് 91ല്‍ നടന്നത്. അതിനുളളില്‍ കലാപത്തെ സോവിയറ്റ് യുണിയന്‍ പരാജയപ്പെടുത്തി. പക്ഷേ ഭരണകൂടത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമായി. അതേ വര്‍ഷം ഡിസംബറോടെ സോവിയറ്റ് യുണിയന്‍ തന്നെ ഇല്ലാതായി.

പുടിന്‍ നയിച്ച യുക്രൈന്‍ യുദ്ധത്തില്‍ വാഗ്‌നറുടെ പങ്ക് എന്താണ്?

യുക്രൈന്‍ യുദ്ധത്തില്‍ വാഗ്നറുടെ പങ്ക് നിര്‍ണായകമാണ്. റഷ്യയിലെ ജയിലുകളില്‍ നിന്നും തെരുവുകളില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ ആയുധമേന്തി യുദ്ധത്തിന്‍റെ മുന്നണിയില്‍ പോരാടി. റഷ്യന്‍ സൈന്യം കടുത്ത തിരിച്ചടികള്‍ നേരിട്ട യുദ്ധ മുഖങ്ങളില്‍ പ്രിഗോഷിന്റെ പടയാളികള്‍ നിയോഗിക്കപ്പെട്ടു. ക്രൂരത കാരണം എതിരാളികളില്‍ വാഗ്നര്‍ ഭീതി പരത്തി. സ്ലെഡ്ജ് ഹാമറുകള്‍ ഉപയോഗിച്ച് എതിരാളികളെ കൊല്ലുന്ന വാഗ്നര്‍ ഗ്രൂപ്പിനെ യുക്രൈന്‍ ഭയന്നു.

യുക്രൈൻ സൈന്യം ഖാര്‍ക്കീവും കെര്‍സണും തിരിച്ചുപിടിച്ച സമയത്ത് തുടര്‍ച്ചയായ യുദ്ധം കാരണം റഷ്യ സൈന്യം ക്ഷിണിച്ചിരുന്നു. അവര്‍ക്ക് വിശ്രമിക്കാന്‍ അവസരം നല്‍കി റഷ്യ പകരം അവിടെ വിന്യസിച്ചത് വാഗ്നര്‍ കുലിപ്പടയാളികളെയാണ്. ശൈത്യ കാലത്ത് വാഗ്നര്‍ പടയാളികളെ മുന്‍ നിരയില്‍ നിര്‍ത്തി പിന്‍വാങ്ങിയ റഷ്യന്‍ സൈന്യം കൂടുതല്‍ ആയുധങ്ങളുമായി തിരികെ എത്തി ആക്രമണം ശക്തമാക്കി. ബെഹ്മുത്തിലെ റഷ്യന്‍ വിജയത്തിന് പിന്നില്‍ വാഗ്നര്‍ ഗ്രൂപ്പിന് വലിയ പങ്കുണ്ട്. അതിശക്തമായ പോരാട്ടമാണ് വ്യാവസായിക നഗരമായ . ബെഹ്മുത്തിനായി നടന്നത്. 

പ്രിഗോഷിന്‍റെ സൈന്യത്തിന് എന്ത് സംഭവിക്കും?

റഷ്യയുടെ തെക്കുള്ള വൊറോനെഷ് മേഖലയില്‍ നിന്ന്, യുക്രൈൻ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഷ്യന്‍ നഗരമായ റോസ്‌തോവില്‍ നിന്നാണ് പ്രിഗോഷിന്‍റെ സൈന്യം പിന്‍വാങ്ങിയത്. ഇനി അവര്‍ എവിടെ പോകുമെന്നും എന്താണ് മുന്നിലുള്ള സാധ്യതകളെന്നുമാണ് ചോദ്യങ്ങള്‍. പ്രഗോഷിന് പിന്നില്‍ അണിനിരക്കുന്ന 25,000ത്തോളം കൂലിപ്പട്ടാളക്കാരാണ് വാഗ്നറിന്‍റെ ശക്തി.  കലാപം കെട്ടടങ്ങിയ പശ്ചാത്തലത്തില്‍ ഒന്നെങ്കില്‍ അവര്‍ യുദ്ധ മുഖങ്ങളിലേക്ക് തന്നെ മടങ്ങും. അല്ലെങ്കില്‍  റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായി കരാര്‍ ഒപ്പിടുമെന്നും വിലയിരുത്തലുകളുണ്ട്.

തന്‍റെ കൂലിപ്പടയാളികളെ സൈന്യത്തോട് ഒപ്പം ചേര്‍ക്കാന്‍ ക്രംലിന്‍ നടത്തിയ നീക്കത്തിന് മറുപടിയാണ് പ്രഗോഷിന്റെ അട്ടിമറി നിക്കമെന്ന് പറയപ്പെടുന്നു. യുക്രൈന്‍ യുദ്ധവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാവരും കരാറില്‍ ഒപ്പിടണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ആവശ്യപ്പെട്ടിരുന്നു. ഇതിന് അവസാന തീയതിയായി നല്‍കിയ സമയം ജൂലൈ ഒന്നായിരുന്നു . പ്രതിരോധ മന്ത്രിയുടെ നടപടി പ്രഗോഷിനെ പ്രകോപിതനാക്കിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ശക്തമായ ആക്രമണങ്ങളിലൂടെ റഷ്യക്ക് യുക്രൈന്‍ അതിര്‍ത്തികളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. പ്രത്യാക്രമണം നടത്താന്‍ യുക്രൈന്‍ പാടുപെട്ടു. പക്ഷേ ഇപ്പോള്‍ റഷ്യ ചേരിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ യുക്രൈന്‍ സൈന്യത്തിന് കരുത്ത് പകരുന്നതാണ്.  

അവസരം മുതലെടുത്ത് യുക്രൈൻ

നിലവിലെ  സാഹചര്യം മുതലെടുക്കാനായി പാശ്ചാത്യ രാജ്യങ്ങളോട് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരിക്കുകയാണ്. വാഗ്നര്‍ ഗ്രൂപ്പ് കയ്യടക്കിയ റഷ്യന്‍ നഗരമായ റോസ്‌തോവില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചെറുത്ത് നില്‍പ്പ് ഉണ്ടായില്ല, വരവേല്‍ക്കുകയാണ് ഉണ്ടായതെന്ന് യുക്രൈന്‍ പറയുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നയിച്ച ബെലാറുസിലേക്ക് വാഗ്നര്‍ ഗ്രൂപ്പ് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യ ചുമത്തിയ കുറ്റങ്ങളില്‍ നിന്നും നടപടികള്‍ നേരിടാതിരിക്കാനും ബെലാറൂസിന്റെ തലവന്‍ അലക്‌സാണ്ടര്‍ ലുകാഷെങ്കോയെ പ്രഗോഷിന്‍ സമീപിക്കുമെന്നും പറയപ്പെടുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചാലും മോസ്‌കോ ലക്ഷ്യമിട്ട് മാര്‍ച്ച് ചെയ്ത വാഗ്നനറിനെ ഇനി റഷ്യ എത്രത്തോളം വിശ്വാസത്തിലെടുക്കും എന്ന സംശയം അവശേഷിക്കുകയാണ്. 

എഐ വച്ച് പിഴയിടുമോ, എങ്കിൽ ഞങ്ങള്‍ ഫ്യൂസ് ഊരും!എംവിഡിക്ക് കിട്ടിയ 'പണി', കെഎസ്ഇബിയുടെ പ്രതികാരം? ട്രോളുകൾ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം