പരാജയത്തിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി, സേവനങ്ങള്‍ക്കുള്ള നന്ദിയെന്ന് ട്രംപ്

By Web TeamFirst Published Nov 10, 2020, 12:53 PM IST
Highlights

എസ്പറിന് പകരം ദേശീയ ഭീകരവിരുദ്ധ സെന്റര്‍ തലവനും മുന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫീസറുമായ ക്രിസ്റ്റഫര്‍ മില്ലര്‍ പ്രതിരോധ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കും.
 

വാഷിംഗ്ടണ്‍:  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിരോധസെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോഝ സെക്രട്ടറി മാര്‍ക്ക് എസ്‌പെറിനെയാണ് ട്രംപ് പുറത്താക്കിയത്. ''മാര്‍ക്ക് എസ്‌പെറിനെ പുറത്താക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സേവനത്തിന് എനിക്ക് നന്ദി അറിയിക്കണം'' - ട്രംപ് ട്വീറ്റ് ചെയ്തു. 

എസ്പറിന് പകരം ദേശീയ ഭീകരവിരുദ്ധ സെന്റര്‍ തലവനും മുന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫീസറുമായ ക്രിസ്റ്റഫര്‍ മില്ലര്‍ പ്രതിരോധ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കും. അഫ്ഖാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനോട് വിമുഖത പ്രകടിപ്പിച്ചതുമുതല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ആഭ്യന്തര പ്രശ്‌നം നിലനിന്നപ്പോള്‍ തെരുവില്‍ അമേരിക്കന്‍ സൈന്യത്തെ ഇറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെയും എസ്‌പെര്‍ എതിര്‍ത്തിരുന്നു

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടനെയൊന്നും തോല്‍വി അംഗീകരിക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്റെ വിജയത്തെ നിയമപരമായി ചോദ്യം ചെയ്യാനാണ് ട്രംപിന്റെ ശ്രമം. തോല്‍വിയില്‍ ട്രംപിനെ വിമര്‍ശിച്ച് ചില റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയെങ്കിലും തോല്‍വി അംഗീകരിക്കില്ലെന്ന ട്രംപിന്റെ നിലപാടിനെ പിന്താങ്ങുന്ന നിലപാടാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ നിയമപരമായി ചോദ്യം ചെയ്യാമെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിയമോപദേശം. റീകൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ പരാതികളും അംഗീകരിക്കണമെന്നും എന്നിട്ടും ഫലത്തില്‍ മാറ്റമില്ലെങ്കില്‍ ട്രംപ് തോല്‍വി അംഗീകരിക്കണമെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോര്‍ജിയ, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ റീകൗണ്ടിങ്ങിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ട്രംപിന്റെയും പ്രതീക്ഷ. നിയമ പോരാട്ടങ്ങള്‍ക്കായി 60 ദശലക്ഷം ഡോളര്‍ സമാഹരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് ട്രംപ് ആരോപിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങളും ഡെമോക്രാറ്റ് പാര്‍ട്ടിയും പറയുന്നു. തോല്‍വി അംഗീകരിക്കാന്‍ മരുമകനും ട്രംപിന്റെ ഉപദേശകനുമായി ജേര്‍ഡ് കുഷ്നറും ഉപദേശിച്ചിരുന്നു.

click me!