
കാലിഫോര്‍ണിയ: ടൈറ്റാനിക് കപ്പല്‍ ഛേദം കാണാനുള്ള വിനോദ സാഹസിക യാത്ര വന്‍ ദുരന്തമായതിന് പിന്നാലെ ശുക്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍. ടൈറ്റന്‍ എന്ന സമുദ്രപേടകം പൊട്ടിത്തകര്‍ന്ന് ഓഷ്യന്‍ഗേറ്റ് സിഇഒ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സമുദ്രപര്യടനം നിര്‍ത്തിയതായി സ്ഥാപനം പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരുമാസത്തിന് പിന്നാലെയാണ് ഓഷ്യന്‍ഗേറ്റ് സഹസ്ഥാപകനായ ഗില്ലേര്‍മോ സോണ്‍ലൈന്‍ ബഹിരാകാശത്തേക്കുള്ള വിനോദ സഞ്ചാരയാത്രയും താമസത്തിനും പദ്ധതിയിടുന്നത്.
2050ഓടെ ആയിരം പേരെ ശുക്രനില്‍ താമസിപ്പിക്കാനാണ് പദ്ധതി. ഓഷ്യന്‍ഗേറ്റ് ദുരന്തം മനുഷ്യനെ നിരന്തരമായി തടയുന്ന ഒന്നല്ലെന്നും കണ്ടുപിടിത്തങ്ങളുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതില്‍ നിന്ന് മനുഷ്യന്‍ പിന്തിരിയില്ലെന്നും ഗില്ലേര്‍മോ സോണ്‍ലൈന്‍ പറയുന്നു. ഓഷ്യന്‍ഗേറ്റുമായി ബന്ധപ്പെടുത്തിയല്ല ശുക്രനിലേക്കുള്ള പദ്ധതി. മറിച്ച് ഗില്ലേര്‍മോ സോണ്‍ലൈന്‍റെ മറ്റൊരു സ്ഥാപനമാകും ഈ പദ്ധതി നടപ്പിലാക്കുക. ഹ്യൂമന്‍സ്2 വീനസ് എന്നാണ് കമ്പനിയുടെ പേര്. സ്ഥാപനത്തിന്‍റെ സ്ഥാപകനും ചെയര്‍മാനും ഗില്ലേര്‍മോ സോണ്‍ലൈനാണ്. 2020ല്‍ സ്ഥാപിതമായ കമ്പനി ശുക്രനില്‍ മനുഷ്യനെ സ്ഥിരതാമസം ഒരുക്കുന്നത് ലക്ഷ്യമിട്ട് സ്ഥാപിച്ചതാണ്. ഡോ. ഖാലിദ് എം അല്‍ അലിയാണ് ഈ സ്ഥാപനത്തിന്‍റെ സഹസ്ഥാപകന്‍, രോഹിത് മുഹുന്ദന്‍ എക്സിക്യുട്ടീവ് ഡയറക്ടറാണ്.
ഓഷ്യന്‍ ഗേറ്റിനെ മറക്കൂ, ടൈറ്റനെ മറക്കൂ, സ്റ്റോക്ടോണിനെ മറക്കൂ മുന്നേറ്റത്തിന്റെ വക്കിലാണ് മനുഷ്യ കുലമുള്ളതെന്നാണ് പുതിയ പദ്ധതി പ്രഖ്യാപനത്തില്‍ ഗില്ലേര്‍മോ സോണ്‍ലൈന്‍ വിശദമാക്കുന്നത്. ശുക്രനില്‍ വെള്ളിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായാണ് ഗവേഷണങ്ങള്‍ വിശദമാക്കുന്നത്. ശുക്രന്‍റെ അന്തരീക്ഷത്തില്‍ നിന്ന് 30 മൈല്‍ ഉയരത്തില്‍ മനുഷ്യവാസം സാധ്യമാണ്. ഇവിടെ ചൂട് കുറവാണ്, മര്‍ദ്ദവും കുറവാണെന്നും ഗില്ലേര്‍മോ സോണ്‍ലൈന്‍ പറയുന്നു. ഗുരുത്വാകര്‍ഷണം ഭൂമിയുടേതിന് സമാനമാണ് ശുക്രനിലെന്നും താപനിലയും അനുയോജ്യമാണ് എന്നുള്ള വിവരങ്ങള്‍ സ്ഥാപനത്തിന്‍റെ സൈറ്റില്‍ വിശദമാക്കുന്നു. ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ് നിര്‍ത്തലാക്കിയിരുന്നു.
ജൂണ്‍ 18ന് മാതൃപേടകവുമായി ബന്ധം നഷ്ടമായ ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്. ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍ പെട്ട് സഞ്ചാരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി ഓഷ്യന്‍ ഗേറ്റ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam