
സിയൂള്‍: ദക്ഷിണ കൊറിയയിലെ പ്രശസ്ത നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ കുടുക്കുന്ന രീതിയില്‍ ഒരു യൂട്യൂബര്‍ പുറത്തുവിട്ട രേഖകള്‍ സാമ്പത്തിക ലാഭത്തിനായി എ ഐ ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചതായിരുന്നുവെന്ന് ഒടുവില്‍ പൊലീസ് കണ്ടെത്തി. വ്യാജരേഖകള്‍ പ്രചരിപ്പിച്ച് നടന്റെ കരിയറും ജീവിതവും ഇല്ലാതാക്കാന്‍ ശ്രമിച്ച പ്രമുഖ യൂട്യൂബറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് ഇപ്പോള്‍ പൊലീസ്.
നടി കിം സെയ് റോണ്‍
ദക്ഷിണ കൊറിയയിലെ ശ്രദ്ധേയയായ നടി കിം സെയ് റോണ്‍ ആണ് 24-ാം വയസ്സില്‍ ജീവനൊടുക്കിയത്. സിനിമയില്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് നടി കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെ, പ്രമുഖ നടന്‍ കിം സൂഹ്യുനെതിരെ ആരോപണം ഉയര്‍ത്തി ഒരു പ്രശസ്ത യൂ ട്യൂബര്‍ രംഗത്തുവന്നു. കിം സൂഹ്യുനും നടിയും തമ്മില്‍ നടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പേ ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് കിം സെ ഉയി എന്ന പ്രശസ്ത യൂട്യൂബര്‍ രംഗത്തുവന്നത്. ആരോപണങ്ങള്‍ നടന്‍ തുടര്‍ച്ചയായി നിഷേധിച്ചതിനു പിന്നാലെ, ചില വാട്ട്‌സാപ്പ് മെസേജ് സ്‌ക്രീന്‍ ഷോട്ടുകളും ഇരുവരും തമ്മില്‍ നടത്തിയെന്ന് പറയുന്ന ഫോണ്‍ സന്ദേശങ്ങളും യൂ ട്യൂബര്‍ പുറത്തുവിട്ടു.
ഈ രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞ് നടന്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഈ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. യൂട്യൂബര്‍ക്കെതിരെ ദക്ഷിണ കൊറിയന്‍ പോലീസ് ഇപ്പോള്‍ അറസ്റ്റ് വാറന്റിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്. നടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നടന്‍ അവരുമായി പ്രണയത്തിലായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍, ഈ യൂട്യൂബര്‍ ടെക്സ്റ്റ് മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ടുകളില്‍ കൃത്രിമം കാണിക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിയോ ഫയല്‍ പുറത്തുവിടുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.
വാര്‍ത്താ സമ്മേളനത്തിനിടെ വിതുമ്പുന്ന നടന്‍ കിം സൂ ഹ്യുന്‍
കഴിഞ്ഞ വര്‍ഷമാണ് കിം സെയ്-റോണ്‍ ആത്മഹത്യ ചെയ്തതത്. തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി യൂട്യൂബര്‍ രംഗത്തുവന്നത്. പത്തുലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള പ്രശസ്തനായ യൂട്യൂബര്‍ നടത്തിയ പ്രചാരണങ്ങള്‍ വന്‍ വിവാദമായി. തുടര്‍ന്ന്, ദക്ഷിണ കൊറിയയില്‍ ഏറെ പ്രശസ്തനായ കിം സൂ ഹ്യുന്‍ സിനിമയില്‍നിന്ന് ഔട്ടാവുകയും ചെയ്തു. എന്നാല്‍ നടന്‍ ഈ ആരോപണങ്ങളെല്ലാം തുടര്‍ച്ചയായി നിഷേധിച്ചിരുന്നു. ഇതിനിടയിലാണ്, താന്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ കിം സൂ ഹ്യുനുമായി പ്രണയത്തിലായിരുന്നുവെന്ന് നടി പറയുന്നതായുള്ള ശബ്ദരേഖയുമായി യൂട്യൂബര്‍ രംഗത്തുവന്നത്. നടനും നടിയും തമ്മില്‍ അയച്ചതെന്ന് പറയപ്പെടുന്ന ടെക്സ്റ്റ് മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഈ യൂട്യൂബര്‍ പുറത്തുവിട്ടു.
യൂട്യൂബര്‍ കിം സെ ഉയി
2025 മാര്‍ച്ചില്‍ കണ്ണീരോടെ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍, ഒരു വര്‍ഷത്തോളം തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍, ആ സമയത്ത് നടി പ്രായപൂര്‍ത്തിയായിരുന്നുവെന്നും നടന്‍ പറഞ്ഞു. നടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പ്രണയിച്ചിട്ടില്ലെന്നും നടന്‍ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്നാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് യൂട്യൂബര്‍ക്കെതിരെയും നടിയുടെ കുടുംബത്തിനെതിരെയും അദ്ദേഹം ക്രിമിനല്‍ പരാതികളും മാനനഷ്ടക്കേസുകളും ഫയല്‍ ചെയ്തത്.
തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ്, ആ ശബ്ദരേഖ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അധികൃതര്‍ ഇപ്പോള്‍ കണ്ടെത്തിയത്. നടിയുടെ ഫോണില്‍ നിന്ന് അയച്ച ടെക്സ്റ്റ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകളില്‍ കൃത്രിമം കാണിച്ച്, അവര്‍ നടന് മെസേജ് അയച്ചതായി വരുത്തിതീര്‍ക്കാന്‍ യൂട്യൂബര്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടി യൂട്യൂബര്‍ മന:പൂര്‍വം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam