
ദുബൈ: യുഎസും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ. എയർ ഫ്രാൻസ്, ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം, ലുഫ്താൻസ എന്നിവയാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച പ്രധാന കമ്പനികൾ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ദുബൈ, റിയാദ്, ടെൽ അവീവ്, ദമ്മാം തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചത്.
എയർ ഫ്രാൻസ്: ദുബൈയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു.
കെഎൽഎം: ദുബൈ, റിയാദ്, ദമ്മാം, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി. ഇറാൻ, ഇറാഖ് വിമാനപാതകൾ ഒഴിവാക്കാനും കമ്പനി തീരുമാനിച്ചു.
ലുഫ്താൻസ: ഇറാൻ വിമാനപാത ഒഴിവാക്കി പകൽ സമയത്ത് മാത്രമാണ് നിലവിൽ സർവീസുകൾ നടത്തുന്നത്.
യുണൈറ്റഡ് എയർലൈൻസ്, എയർ കാനഡ: ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾക്കെതിരെയുള്ള ഭരണകൂടത്തിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് യുഎസ് സൈനിക നീക്കം നടത്തുമെന്ന സൂചനകളാണ് പ്രതിസന്ധിക്ക് കാരണം. യുഎസ് വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കൺ' ഉൾപ്പെടുന്ന വൻ യുദ്ധക്കപ്പൽ വ്യൂഹം പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
സിവിൽ ഏവിയേഷൻ മേഖലയ്ക്ക് മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയുണ്ടെന്ന് ഏവിയേഷൻ ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇറാൻ തങ്ങളുടെ വ്യോമപാത നാല് മണിക്കൂറോളം അടച്ചിട്ടിരുന്നു. ഇതും ആഗോളതലത്തിൽ വിമാന സർവീസുകളെ തകിടം മറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam