അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങി അമേരിക്കൻ സൈന്യം, അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു

By Web TeamFirst Published Aug 31, 2021, 7:04 AM IST
Highlights

അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17  ഇന്ത്യൻ സമയം രാത്രി 12 .59 നാണ് പറന്നുയർന്നത്. അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ വിമാനത്തിൽ മടങ്ങി. 

കാബൂൾ: അമേരിക്കയുടെ അഫ്ഗാൻ പിന്മാറ്റം പൂർത്തിയായി. 20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണമായും മടങ്ങി. അവസാന അമേരിക്കൻ വിമാനവും  കാബൂൾ വിട്ടു. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17  ഇന്ത്യൻ സമയം രാത്രി 12 .59 നാണ് പറന്നുയർന്നത്. അമേരിക്കയുടെ അഫ്ഗാൻ അംബാസിഡർ റോസ് വിൽസൺ അടക്കം അവസാന വിമാനത്തിൽ മടങ്ങി. 

കാബൂള്‍ വിമാനതാവളത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ റോക്കറ്റ് ആക്രമണം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ദൗത്യം. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു. അമേരിക്കൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്. ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദിയറിയിച്ചു. 

അഫ്ഗാന്റെ വേദന, കണ്ണീർ, പിന്നെ അനിശ്ചിതത്വവും 

രണ്ടു പതിറ്റാണ്ടു നീണ്ട വിദേശ സൈനിക സാന്നിധ്യം  അവസാനിക്കുമ്പോൾ അഫ്ഗാനിസ്ഥാനിൽ കണ്ണീരും വേദനയും അനിശ്ചിതത്വവും മാത്രമാണ് ബാക്കിയാകുന്നത്. തുടർച്ചയായ സംഘർഷങ്ങൾ മൂന്നരക്കോടിയിലേറെ വരുന്ന അഫ്ഗാൻ ജനതയെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് ഭക്ഷണത്തിന് പോലും വകയില്ലാതെ തെരുവിൽ കഴിയുന്നത്. 

കഴിഞ്ഞ 2 മാസത്തിനിടെ മാത്രം 5 ലക്ഷം പേരാണ് ആഭ്യന്തര കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിലും ക്യാമ്പുകളിലുമായി കഴിയുന്നത്. രാജ്യം വിടാൻ ശ്രമിച്ച് പരാജയപ്പെട്ട് കാബൂളിലെ തെരുവുകളിൽ മാത്രം 17,600 ഓളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

താലിബാൻ ഭരണത്തിൽ പ്രതികാരനടപടികളും കാടത്തവും ഭയന്ന് ഇനിയും 5 ലക്ഷം പേരെങ്കിലും മറ്റ് രാജ്യങ്ങളിലേക്ക് ഏത് വിധേനയും പലായനം ചെയ്തേക്കാമെന്നാണ് ഐക്യരാഷ്ട്ര അഭയാർത്ഥി ഏജൻസിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ വ‍ർഷം അവസാനം വരെ രാജ്യം വിട്ട 26 ലക്ഷം പേർ ഇപ്പോഴും അന്യരാജ്യങ്ങളിൽ അഭയം നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകാതെ കഴിയുകയാണ്. അതിനിടയിലാണ് പുതിയ അഭയാർത്ഥി പ്രതിസന്ധിയുണ്ടായത്. 

അഫ്ഗാന്‍ വിട്ട് അമേരിക്ക; യുഎസ് സേനാ പിന്മാറ്റം വെടിയൊച്ച മുഴക്കി ആഘോഷിച്ച് താലിബാന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!