
ന്യൂയോർക്ക്: വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച കൂലിപ്പട്ടാളം വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വാഗ്നർ ഗ്രൂപ്പ് അവസാനിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും വ്യക്തമാക്കി. ഇതോടെ വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഇതിനിടെ പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമെന്ന സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത് വന്നു.
വൈറ്റ് ഹൌസ് പുറത്ത് വിട്ട വാർത്താകുറിപ്പിലാണ് പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമെന്ന സംശയം ബൈഡന്‍ തമാശരൂപേണ പ്രകടമാക്കിയത്. ‘ഞാനായിരുന്നു പ്രിഗോഷിനെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ ശ്രദ്ധപുലർത്തിയേനെ. എനിക്കുവേണ്ടിയുള്ള മെനുവിലും ഞാൻ ശ്രദ്ധിച്ചേനെ. തമാശകൾക്കപ്പുറത്ത്, പ്രിഗോഷിന്റെ ഭാവി എന്താകുമെന്നതു സംബന്ധിച്ച യാതൊരു സൂചനയും നമുക്കാർക്കുമില്ലെന്ന് എനിക്ക് ഉറപ്പാണ്, റഷ്യക്കെതിരെ കലാപത്തിനു ശ്രമിച്ച കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ എവിടെയെന്ന് അറിയില്ല'- വൈറ്റ്ഹൗസ് പുറത്തിവിട്ട കുറിപ്പിൽ ബൈഡൻ പറയുന്നു.
വാഗ്നർ ഗ്രൂപ്പ് അവസാനിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. സ്വകാര്യ സൈന്യത്തിനു നിമയസാധുതയില്ലെന്നും വാഗ്നർ ഗ്രൂപ്പ് നിലനിൽക്കുന്നില്ലെന്നുമായിരുന്നു പുട്ടിൻ പറഞ്ഞത്. വാഗ്നർ ഗ്രൂപ്പുണ്ട്, പക്ഷേ നിയമപരമായി ഇല്ല എന്നായിരുന്നു പുടിന്‍റെ വാക്കുകള്‍. അതേസമയം വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിനെക്കുറിച്ചുള്ള പരാമർശങ്ങള്‍ പുടിൻ നടത്തിയിട്ടില്ല. പ്രിഗോഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് യുഎസ് മുന്‍ സൈനിക ജനറല്‍ റോബര്‍ട്ട് ഏബ്രഹാം പ്രതികരിച്ചത്.
അതേസമയം പ്രിഗോഷിനുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ജൂൺ 29നു കൂടിക്കാഴ് നടത്തിയെന്ന് റഷ്യ വാർത്താക്കുറിപ്പിറക്കിയിരുന്നു. എന്നാൽ പുട്ടിൻ–പ്രിഗോഷിൻ കൂടിക്കാഴ്ച നടന്നുവെന്നത് റഷ്യന്‍ ഭരണകൂടം സൃഷ്ടിച്ച വാര്‍ത്തയാകാനാണ് സാധ്യതയെന്നാണ് റോബര്‍ട്ട് ഏബ്രഹാം പറയുന്നത്. പ്രിഗോഷിനെ പൊതുവേദിയില്‍ ഇനി കാണില്ലെന്നാണ് കരുതുന്നത്. രഹസ്യമായി എവിടെയെങ്കിലും താമസിപ്പിക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്തിരിക്കാം, അല്ലെങ്കിൽ അയാള്‍ ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്നില്ല-റോബര്‍ട്ട് പറഞ്ഞു.
2014 റഷ്യ യുക്രൈനെ ആക്രമിച്ച് ക്രൈമിയ പിടിച്ചെടുത്ത സമയത്താണ് വാഗ്നർ ഗ്രൂപ്പിന്റെ പിറവി. അന്ന് റഷ്യൻ സൈനികരോടൊപ്പം വാഗ്നർ സംഘവും റഷ്യക്കായി ആയുധമെടുത്തു. റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ ജിആർയുവിൽ പ്രവർത്തിച്ച ലഫ്. കേണൽ ദമിത്രി ഉട്കിനാണ് വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകൻ. ഉട്കിന്റെ സൈന്യത്തിലെ രഹസ്യ പേരായിരുന്നു വാഗ്നർ. ഇതാണ് വാഗ്നർ ഗ്രൂപ്പെന്ന പേര് വരാൻ കാരണം. പക്ഷേ ഈ സ്വകാര്യ സായുധ സംഘത്തിന് പിറകിൽ പുടിന്റ വിശ്വസ്തനായ പ്രിഗോഷിനായിരുന്നു.
Read More : 'കോണിക്കൂട്ടിലെ സ്നേഹപ്രകടനം വേണ്ട'; സദാചാര പൊലീസായി നാട്ടുകാർ, ഫ്ലക്സിന് വിദ്യാർത്ഥികളുടെ ചുട്ട മറുപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam