കൊവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം

By Web TeamFirst Published Apr 7, 2020, 6:55 AM IST
Highlights

പൊതുജനാരോഗ്യ രംഗത്ത് നഴ്‌സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഇത്തവണ ആരോഗ്യ ദിനം ആചരിക്കുന്നത്.
 

ജനീവ: കൊവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്‌സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുന്‍ നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഇത്തവണ ആരോഗ്യ ദിനം ആചരിക്കുന്നത്. കൊവിഡ് രോഗികളുടെ പരിചരണത്തിന് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരെ ആദരിക്കുകയാണ് ലോകാരോഗ്യ സംഘടന. സ്വന്തം ജീവന്‍ പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഈ ലോകാരോഗ്യ ദിനത്തില്‍ നഴ്‌സുമാര്‍. കൊവിഡിനെതിരായ പോരാട്ടം നഴ്‌സുമാരുടെ സഹായമില്ലാതെ വിജയം കാണില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ 50 ശതമാനവും നഴ്‌സുമാരാണെന്നാണ് ഡബ്യൂഎച്ച്ഒയുടെ കണക്ക്. ആഫ്രിക്കയിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും നഴ്‌സിംഗ് രംഗത്ത് ആവശ്യത്തിന് ആളില്ല. ലോക ആരോഗ്യ പരിരക്ഷാ വികസന ലക്ഷ്യം 2030ല്‍ കൈവരിക്കണമെങ്കില്‍ അധികമായി വേണ്ടത് 90 ലക്ഷം നഴ്‌സിംസ് ജോലിക്കാര്‍. നഴ്‌സിംഗ് സ്റ്റാഫുകളുടെ കുറവ് നികത്തുകയെന്നതാകും ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്ന്.

ഡോക്ടര്‍മാര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വയോധികരുടേയും കുട്ടികളുടേയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മാതൃ ശിശു മരണ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതുകൊണ്ടാണ് പ്രസവശുശ്രൂഷകരേയും ആരോഗ്യ ദിനത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുന്നത്.
 

click me!