
ടെൽ അവീവ്: ഇസ്രയേൽ രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി രാജ്യത്തെ പ്രമുഖ അറബ് പാർട്ടിയായ 'റആം' (Ra'am). പ്രത്യേക സഖ്യ ഉപാധികളൊന്നും മുൻപോട്ടുവെക്കാതെ തന്നെ നിലവിലെ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്ന് പിന്തുണയ്ക്കാൻ റആം പാർട്ടി തീരുമാനിച്ചു. ഇസ്രയേലിലെ അറബ് പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽ മിതവാദ നിലപാടുള്ള റആമിന് നിലവിൽ നെസറ്റിൽ (ഇസ്രയേൽ പാർലമെന്റ്) 8 സീറ്റുകളാണുള്ളത്. അറബ് പാർട്ടികളുടെ മറ്റൊരു സഖ്യമായ 'ജോയിന്റ് ലിസ്റ്റ്' ഐസൻകോട്ടിന് ഇതുവരെയും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഹമാസിനെ ഭീകരസംഘടനയായി പരസ്യമായി പ്രഖ്യാപിക്കണമെന്ന ഐസൻകോട്ടിന്റെ ഉപാധിയോട് ജോയിന്റ് ലിസ്റ്റിന് വിയോജിപ്പുള്ളതാണ് ഇതിന് കാരണം. 120 അംഗങ്ങളുള്ള ഇസ്രയേൽ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. റആം പാർട്ടിയുടെ 8 സീറ്റുകളുടെ പിന്തുണ ലഭിച്ചാലും ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 56 സീറ്റുകൾ മാത്രമേ തികയ്ക്കാനാകൂ എന്നതിനാൽ ഇസ്രയേലിൽ സർക്കാർ രൂപീകരണ ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത.
ഇസ്രയേലിൽ അറബ് പാർട്ടികൾക്ക് മുന്നിൽ സഖ്യരൂപീകരണത്തിന് ഇന്നലെയാണ് 4 ഉപാധികൾ മുന്നോട്ട് വച്ച് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട് രംഗത്തെത്തിയത്. ജൂത - വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിന്‍റെ യാഷറിനെ അറബ് പാർട്ടികളുടെ സഖ്യമായ ജോയന്‍റ് ലിസ്റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾക്കിടെയായിരുന്നു സഖ്യ രൂപീകരണ ഉപാധികൾ പ്രഖ്യാപിച്ചത്. ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും, ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണമെന്നതുമാണ് ഐസൻകോട്ടിന്‍റെ പ്രധാന ഉപാധി. ഇസ്രയേലിനെ ജൂത - ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരൻമാർക്കും സൈനിക - സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് മറ്റ് ഉപാധികൾ. ഇസ്രയേലിലെ അറബ് വംശജരെ പ്രതിനിധീകരിക്കുന്ന, ഇടത് - പലസ്തീൻ ആഭിമുഖ്യമുള്ള പാർട്ടികളുടെ പിന്തുണ ഒരു ഉപാധിയുമില്ലാതെ സ്വീകരിച്ചാൽ അത് യാഷർ പാർട്ടിയുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കിൽ ഉലച്ചിലുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഐസൻകോട്ടിന്‍റെ നീക്കം. റാആമിന് പിന്നാലെ ജോയന്‍റ് ലിസ്റ്റ് കൂടി പിന്തുണ പ്രഖ്യാപിച്ചാൽ നാളെ തന്നെ ഐസൻകോട്ടിന് സർക്കാർ രൂപീകരണത്തിലേക്ക് കടക്കാനാകും. പക്ഷേ അക്കാര്യം കണ്ടറിയേണ്ടിവരും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam