
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്വർണ ഖനിയിൽ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേർ മരിച്ചതായി റിപ്പോർട്ട്. 500ഓളം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. മാസങ്ങളോളം മണ്ണിനടിയിൽ കുടുങ്ങിയ ഇവർ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ ആകാം മരിച്ചതെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രക്ഷപ്പെടുത്തിയ ചില ഖനിത്തൊഴിലാളികളുടെ പക്കൽ നിന്ന് ലഭിച്ച ഒരു മൊബൈൽ ഫോണിൽ നിരവധി മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകൾ ഉണ്ടായിരുന്നുവെന്ന് ആക്ഷൻ ഗ്രൂപ്പിലെ മൈനിംഗ് അഫക്ടഡ് കമ്മ്യൂണിറ്റീസ് യുണൈറ്റഡിൻ്റെ വക്താവ് സബെലോ എംഗുനി പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയിൽ നിന്ന് 18 മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. 26 പേരെ രക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷം എത്ര മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും എത്ര പേരെ രക്ഷിച്ച് പുറത്തെത്തിച്ചുവെന്നും സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് വക്താവ് ബ്രിഗ് സെബാറ്റ മോക്‌വാബോൺ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അനധികൃത ഖനനം സാധാരണമാണ്. കമ്പനികൾ ലാഭകരമല്ലാത്ത ഖനികൾ അടച്ചുപൂട്ടുകയും ഖനിത്തൊഴിലാളികളുടെ ഗ്രൂപ്പുകൾ അനധികൃതമായി അവയിൽ പ്രവേശിച്ച് അവശേഷിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. രണ്ട് മാസം മുമ്പ് ഖനിത്തൊഴിലാളികളെ ബലം പ്രയോഗിച്ച് പുറത്താക്കാനും ഖനി അടച്ചുപൂട്ടാനും അധികാരികൾ ശ്രമിച്ചത് പൊലീസും ഖനിത്തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. അനധികൃത ഖനിത്തൊഴിലാളികളുടെ വലിയ ഗ്രൂപ്പുകൾ ലാഭം മാത്രം ലക്ഷ്യമിട്ട് മാസങ്ങളോളം ഖനിയിൽ തുടരാറുണ്ട്. ഈ സമയം അവർ ഭക്ഷണം, വെള്ളം, ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഒപ്പം കൊണ്ടുപോകുകയാണ് പതിവ്. ഇതിന് പുറമെ, കൂടുതൽ ഖനിയ്ക്കുള്ളിൽ കൂടുതൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി ഖനിയ്ക്ക് പുറത്തുള്ള അവരുടെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ ആശ്രയിക്കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam