
പൊലീസ് കസ്റ്റഡിയില്‍ 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ ചുരുങ്ങിയത് 23 കുട്ടികള്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ട്. സെപ്തംബറിലെ അവസാന പത്ത് ദിവസങ്ങളിലായി കൊല്ലപ്പെട്ട കുട്ടികളില്‍ 11 വയസുകാരന്‍ വരെയുണ്ടെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വിശദമാക്കുന്നു. പ്രതിഷേധക്കാരെ ഇറാനിലെ സുരക്ഷാ സേന രൂക്ഷമായാണ് കൈകാര്യം ചെയ്തിരുന്നത്.
ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിലാണ് മഹ്സ അമിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മരണത്തിന് പിന്നാലെ ഇറാന്‍റെ പരമോന്നത നേതാവിനെതിരെ സ്ത്രീകളടക്കമുള്ളവര്‍ തെരുവിലെത്തുകയായിരുന്നു. കുട്ടികളെക്കൂടാതെ പ്രതിഷേധിച്ച നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ വിശദമാക്കുന്നു. 11നും 17നും ഇടയില്‍ പ്രായമുള്ള 20 ആണ്‍കുട്ടികളും 11 നും 17നും പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
സെപ്തംബര് 30 നടന്ന രൂക്ഷ പ്രതിഷേധത്തിനെതിരെ സേന അഴിച്ചുവിട്ട അക്രമത്തിലാണ് ഇവരില്‍ ഏറിയ പങ്കും കൊല്ലപ്പെട്ടത്. രാഷ്ട്രീയപരമായ അടിച്ചമര്‍ത്തലുകളില്ലാത്ത ഭാവിക്ക് വേണ്ടി ധൈര്യപൂര്‍വ്വം തെരുവിലിറങ്ങിയ കുട്ടികളെ ഇസ്ലാമിക ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തിയെന്നാണ് ആംനസ്റ്റിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. പ്രതിഷേധക്കാരുടെ ഊര്‍ജ്ജം തകര്‍ക്കാനുള്ള സേനയുടെ ശ്രമത്തിന്‍റെ ശ്രമമായിരുന്നു കണ്ണില്ലാത്ത അടിച്ചമര്‍ത്തലെന്നും ആംനസ്റ്റി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ മാസത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ഇക്കൂട്ടത്തില്‍ ഇല്ല. സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രത്യേക നിയമം പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു മഹ്സ അമിനിയെ മത പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്. മത പൊലീസിന്‍റെ ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന മഹ്സ അമിനി ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മഹ്സ അമിനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച രാജ്യത്തെ പരമോന്നത നേതാവ് അയത്തുള്ള ഖമെനി പ്രതിഷേധത്തിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലെന്നാണ് പ്രതികരിച്ചത്. അമേരിക്കയെയും ഇസ്രയേലും അടക്കമുള്ള ഇറാന്‍റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്തതാണ് നിലവിലെ കലാപമെന്നാണ് അയത്തൊള്ള അലി ഖമേനി പ്രതികരിച്ചത്.