'ഇസ്ലാമിനെ ആക്രമിച്ചു, അയാൾ രക്ഷപ്പെട്ടതിൽ അത്ഭുതം!', സൽമാൻ റുഷ്ദിയെ ആക്രമിച്ച 24കാരന്റെ പ്രതികരണം

By Web TeamFirst Published Aug 18, 2022, 10:39 AM IST
Highlights

"ഞാൻ റുഷ്ദിയുടെ പുസ്തകത്തിന്റെ കുറച്ച് പേജുകൾ വായിച്ചിട്ടുണ്ട്. എനിക്ക് അയാളെ ഇഷ്ടമല്ല. അയാളൊരു നല്ല മനുഷ്യനാണെന്ന് ഞാൻ കരുതുന്നുമില്ല. എനിക്ക് അയാളെ ഇഷ്ടമല്ല, എനിക്ക് അയാളെ തീരെ ഇഷ്ടമല്ല" - ഹാദി മാറ്റാറിന്റെ അഭിമുഖത്തിൽ നിന്ന്

ന്യൂയോര്‍ക്ക് : ന്യൂയോർക്കിലെ സാഹിത്യപരിപാടിക്കിടെ കുത്തേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന സൽമാൻ റുഷ്ദി രക്ഷപ്പെട്ടുവെന്ന വാർത്ത ഞെട്ടിച്ചുവെന്ന് അക്രമി ഹാദി മറ്റാർ. ജയിലിൽ കഴിയുന്ന പ്രതിയുമായി ന്യൂയോർക്ക് പോസ്റ്റ് നടത്തിയ വീഡിയോ ഇന്റർവ്യൂവിലായിരുന്നു പ്രതികരണം. "അയാൾ രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്" എന്നായിരുന്നു മറ്റാറിന്റെ പ്രതികരണം.

മറ്റാർ ഇതുവരെ കൊലപാതകക്കുറ്റം സമ്മതിച്ചിട്ടില്ല. മാത്രമല്ല, 1989-ലെ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ കീഴിൽ പുറപ്പെടുവിച്ച ഫത്‌വയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നോ എന്നും ഇയാൾ വ്യക്തമാക്കിയിട്ടില്ല. സൽമാൻ റുഷ്ദിയുടെ "സാത്താനിക് വേഴ്സസ്" എന്ന പുസ്തകത്തിൽ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് മുസ്ലിംകൾക്ക് റുഷ്ദിയെ കൊല്ലാമെന്നതായിരുന്നു ഖൊമൈനി പുറപ്പെടുവിച്ച ഫത്വ. 

"ഞാൻ ആയത്തുള്ളയെ ബഹുമാനിക്കുന്നു. അദ്ദേ​ഹം മാഹാനാണെന്ന് ഞാൻ കരുതുന്നു. അത്രമാത്രമേ എനിക്ക് പറയാനുള്ളൂ" മറ്റാർ ഇത്രമാത്രമാണ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യരുതെന്നാണ് മറ്റാറിന് ലഭിച്ചിരിക്കുന്ന അഭിഭാഷക നിർദ്ദേശമെന്ന് ന്യൂയോർക്ക് പോസ്റ്റ് പറയുന്നു. "ഞാൻ റുഷ്ദിയുടെ പുസ്തകത്തിന്റെ കുറച്ച് പേജുകൾ വായിച്ചിട്ടുണ്ട്. എനിക്ക് അയാളെ ഇഷ്ടമല്ല. അയാളൊരു നല്ല മനുഷ്യനാണെന്ന് ഞാൻ കരുതുന്നുമില്ല. എനിക്ക് അയാളെ ഇഷ്ടമല്ല, എനിക്ക് അയാളെ തീരെ ഇഷ്ടമല്ല" - റുഷ്ദിയെ കുറിച്ച് അക്രമിയുടെ വാക്കുകൾ ഇങ്ങനെയാണ്. 

"അയാൾ ഇസ്ലാമിനെ ആക്രമിച്ചു, അവരുടെ വിശ്വാസങ്ങളെ ആക്രമിച്ചു. വിശ്വാസ വ്യവസ്ഥകളെ ആക്രമിച്ചു", ഷട്ടോക്വ ഇൻസ്റ്റിറ്റൂഷനിലെ പരിപാടിക്ക് റുഷ്ദിയെത്തുന്നുണ്ടെന്ന് ഈ വർഷം ആദ്യം പുറത്തുവന്ന ഒരു ട്വീറ്റിലൂടെയാണ് താൻ അറിഞ്ഞതെന്നും ഇയാൾ പറഞ്ഞു. 

സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അക്രമിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ഇപ്പോൾ വെന്റിലേറ്ററില്‍ നിന്ന് മാറ്റി എന്നാണ് അവസാനമായി പുറത്തുവന്ന വിവരം.  റുഷ്ദി സംസാരിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ഏജന്റ് ആൻഡ്രൂ വൈലി യുഎസ് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ നോവലിസ്റ്റിന്‍റെ ഒരു കണ്ണ് നഷ്‌ടപ്പെട്ടുവെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ട്. ദ സാത്താനിക് വേഴ്‌സ് എന്ന നോവലിന്റെ പേരിൽ റുഷ്ദി പതിറ്റാണ്ടുകളോളം  വധഭീഷണി നേരിടുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം നടന്നത്.

അതേ സമയം വേദിയില്‍ നിന്നുതന്നെ പൊലീസ് പിടിയിലായ ഹാദി മറ്റാറിനെ പൊലീസ് കോടതിയില്‍ ഹാജറാക്കി. ഗൂഢാലോചന നടത്തി കരുതിക്കൂട്ടി ആക്രമണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ച കുറ്റം. എന്നാല്‍ പ്രതിയായ ഹാദി മറ്റാര്‍  നിഷേധിച്ചു. ഹാദി മറ്റാറിന്‍റെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ പരിശോധിച്ച ഫെഡറല്‍ ഏജന്‍സികള്‍ ഇയാള്‍ തീവ്ര ഷിയ പക്ഷക്കാരനാണ് എന്നാണ് കണ്ടെത്തിയത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ഇയാളുടെതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉണ്ട്.

റുഷ്ദിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്ന സംവാദകനും മുഖത്ത് കുത്തേറ്റെങ്കിലും ഇദ്ദേഹം അപകടനില തരണം ചെയ്തെന്നാണ് വിവരം. റുഷ്ദിക്കെതിരെ യുഎസില്‍ വച്ച് നടന്ന ആക്രമണത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അപലപിച്ചു. "ഭയപ്പെടുത്താനോ നിശബ്ദമാക്കാനോ ആരെയും അനുവദിക്കരുത്. എല്ലാ അമേരിക്കക്കാരും ലോകമെമ്പാടുമുള്ള ആളുകളും ചേർന്ന്  റുഷ്ദിയുടെ  ആരോഗ്യ വേണ്ടി പ്രാർത്ഥിക്കുകയാണ്" ബൈഡൻ പറഞ്ഞു. അതേ സമയം ഇറാനിയന്‍ മാധ്യമങ്ങളില്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ പിന്തുണയ്ക്കുന്ന വാര്‍ത്തകള്‍ വന്നതായി റിപ്പോര്‍ട്ടുണ്ട്.

Read More : 'അടുത്തത് നിങ്ങളാണ്', സൽമാൻ റുഷ്ദിക്ക് പിന്നാലെ ജെ കെ റൗളിംഗിന് വധഭീഷണി

click me!