
മെൽബൺ: ഇന്ത്യയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ കമ്പനി. ഓസ്‌ട്രേലിയയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രമുഖ കമ്പനിയായ ഓസ്‌ട്രേലിയൻസൂപ്പർ ആണ് ഇന്ത്യയിൽ 2800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ മുൻനിര വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് പോൾ സ്രോഡര്‍ ആണ് പ്രഖ്യാപനം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കമ്പനിയുടെ വൻ നിക്ഷേപ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ മികച്ച സാമ്പത്തിക വളർച്ച ആഗോള നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയുമായി വ്യാപാര, സാമ്പത്തിക മേഖലകളിൽ കൂടുതൽ സഹകരിച്ച് മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിൽ എത്തിയത്. മെൽബണിലെ ഹോട്ടലിൽ വെച്ച് വൻ സ്വീകരണമാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തിനായി ഒരുക്കിയത്. ഓസ്‌ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി ഇന്ന് നിർണ്ണായക ചർച്ചകൾ നടക്കും. വ്യവസായികളുടെ സംയുക്ത യോഗത്തിലും വൈകിട്ട് നടക്കുന്ന പ്രവാസികളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. വ്യാപാര-പ്രതിരോധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾക്കാണ് ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam