അധികാരത്തിലേറി 3 ദിവസം, യുവാക്കളുടെ പ്രക്ഷോഭത്തിന് തീ കൊളുത്തിയ നേതാവ് ആദ്യം വിലക്കിയത് ക്യാമ്പസ് രാഷ്ട്രീയം

Published : Mar 30, 2026, 06:17 PM IST
Balendra Shah

Synopsis

അതിവേഗത്തിലുള്ളതും സമഗ്രവുമാണ് ബാലൻ ഷായുടെ ആദ്യ നീക്കങ്ങൾ. തന്റെ ഭരണകാലം നിർണ്ണായകവും വിപ്ലവാത്മകവുമായിരിക്കുമെന്ന സൂചനയാണ് ഈ നീക്കങ്ങളിലൂടെ ബാലേന്ദ്ര ഷാ നൽകുന്നത്.

കാഠ്മണ്ഡു: അധികാരത്തിലേറി 48 മണിക്കൂറിനുള്ളിൽ വൻ പരിഷ്കാരങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതാണ് ബാലേന്ദ്ര ഷായുടെ പുത്തൻ പരിഷ്കാരങ്ങൾ. സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനുള്ളിൽ, സർക്കാർ സ്ഥാപനങ്ങളെ പുനർനിർമ്മിക്കുന്നതിനായി 100 ഇന കർമ്മപദ്ധതിയാണ് അവതരിപ്പിക്കപ്പെട്ടത്. തന്റെ രാഷ്ട്രീയത്തിലെ അസാധാരണ വളർച്ച പോലെ തന്നെ അസാധാരണ തീരുമാനങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയം പുറത്തേക്ക് എന്നതാണ് അവയിൽ സുപ്രധാനമായിട്ടുള്ളത്. സ്ഥാപിത രാഷ്ട്രീയ വ്യവസ്ഥയ്ക്കെതിരെയുള്ള ഒരു വിമതൻ എന്ന ബാലൻ ഷായുടെ വ്യക്തിത്വത്തിന് വിരുദ്ധമാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. തന്റെ പാട്ടുകളിലൂടെ യുവാക്കളുടെ പ്രക്ഷോഭത്തിന് തീ കൊളുത്തിയ ബാലേന്ദ്ര ഷാ ഇപ്പോൾ വാദിക്കുന്നത് ക്യാമ്പസുകൾ രാഷ്ട്രീയത്തിന്റെ താവളമാകേണ്ട ഇടമല്ല എന്നാണ്.

പ്രധാന പാർട്ടികളുമായും മാവോയിസ്റ്റ് ഗ്രൂപ്പുകളുമായും ബന്ധമുള്ള വിദ്യാർത്ഥി സംഘടനകൾ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവയിൽ ഏർപ്പെടുന്നതായി ദീർഘകാലമായി ആരോപണമുണ്ട്. പരീക്ഷകൾ വൈകുന്നു, അധ്യാപകർ ആക്രമിക്കപ്പെടുന്നു, ലക്ചർ ഹാളുകളിൽ പാർട്ടി പതാകകൾ നിറയുന്നു. വിദ്യാഭ്യാസത്തെ രാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ബാലേന്ദ്ര ഷാ പറയുന്നത്.രാഷ്ട്രീയ വിദ്യാർത്ഥി യൂണിയനുകൾക്ക് പകരം 90 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ് കൗൺസിൽ അല്ലെങ്കിൽ വോയ്‌സ് ഓഫ് സ്റ്റുഡന്റ്സ് പോലുള്ള രാഷ്ട്രീയേതര സമിതികൾ രൂപീകരിക്കും. ഈ നീക്കം ജനാധിപത്യ പങ്കാളിത്തത്തെ തടയുമെന്നും രാഷ്ട്രീയ നേതൃത്വത്തിനുള്ള പ്രധാന പരിശീലന കേന്ദ്രത്തെ ദുർബലപ്പെടുത്തുമെന്നുമാണ് വിമർശകർ നിരീക്ഷിക്കുന്നത്.

ബ്യൂറോക്രസിയിലെ രാഷ്ട്രീയം ഒഴിവാക്കലാണ് ബാലേന്ദ്ര ഷായുടെ മറ്റൊരു സുപ്രധാന തീരുമാനം. പുതിയ മന്ത്രിസഭ സിവിൽ സർവീസുകാരെയും അധ്യാപകരെയും രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കുള്ളിലെ പാർട്ടി അടിസ്ഥാനത്തിലുള്ള ട്രേഡ് യൂണിയനുകളും നിർത്തലാക്കും. ഭരണനിർവ്വഹണം കാര്യക്ഷമമാക്കാനും ഇടപെടലുകൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ബാലൻ ഷായുടെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് തൊഴിലാളികളുടെ സംരക്ഷണം ഇല്ലാതാക്കുമെന്നും സ്ഥാപനങ്ങൾക്കുള്ളിലെ വിയോജിപ്പുകളെ അടിച്ചമർത്തുമെന്നുമാണ് വിമർശകരുടെ വാദം.

വ്യാപകമായ രീതിയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരമാണ് ബാലേന്ദ്ര ഷാ നടപ്പിലാക്കുമെന്ന് വിശദമാക്കിയിട്ടുള്ളത്. ബിരുദ പ്രവേശനത്തിനുള്ള പൗരത്വ നിബന്ധന സർക്കാർ നീക്കം ചെയ്യുകയും പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കർശനമായ അക്കാദമിക് കലണ്ടർ നടപ്പിലാക്കുകയും ചെയ്യും. അടുത്ത അധ്യയന വർഷം മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ആന്തരിക പരീക്ഷകൾ ഒഴിവാക്കി പകരം മറ്റ് മൂല്യനിർണ്ണയ രീതികൾ കൊണ്ടുവരും.ഓക്സ്ഫോർഡ്, പെന്റഗൺ, സെന്റ് ജോസഫ്സ്, സെന്റ് സേവ്യേഴ്സ് എന്നിങ്ങനെ കൊളോണിയൽ-അഭിജാത മുദ്രകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി വിദേശ പേരുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഈ വർഷം മുതൽ തനതായ പേരുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു.

വ്യാപകമായി എതിരാളികളെ അറസ്റ്റ് ചെയ്യുന്നു.പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനിടയിൽ തന്നെ പുതിയ സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെയും നടപടി സ്വീകരിച്ചു. കഴിഞ്ഞ വർഷത്തെ ജെൻ സി പ്രതിഷേധങ്ങൾ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. മറ്റൊരു മുൻ മന്ത്രിയായ രമേശ് ലേഖകും പിടിയിലായിട്ടുണ്ട്. സെപ്തംബറിലെ പ്രക്ഷോഭത്തിൽ കുറഞ്ഞത് 77 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവർ നേരിടുന്നത്. അഴിമതി വിരുദ്ധ പ്രസ്ഥാനമായി മാറിയ ഈ പ്രക്ഷോഭമാണ് ഒലി സർക്കാരിനെ താഴെയിറക്കിയത്.മറ്റൊരു കേസിൽ, പ്രായപൂർത്തിയാകാത്ത ഗാർഹിക തൊഴിലാളിയെ എട്ടു വർഷത്തോളം പീഡിപ്പിച്ച കുറ്റത്തിന് എം.എൽ.എ രേഖ ശർമ്മയെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തു. കാഠ്മണ്ഡു മേയറായിരുന്ന സമയത്ത് ബാലൻ ഷാ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

തന്റെ പരിഷ്കരണാവാദി എന്ന പ്രതിച്ഛായ ഉറപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും ബാലൻ ഷാ ശ്രദ്ധിക്കുന്നുണ്ട്. ജെൻ സി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 27 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകും. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അംഗീകരിച്ച ഈ തീരുമാനം ഇപ്പോൾ നടപ്പിലാക്കി വരികയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ സന്ദേശ കൈമാറ്റത്തിൽ ദില്ലിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബാലൻ ഷാ വിശദമാക്കിയത്. കാഠ്മണ്ഡു മേയറായിരുന്നപ്പോൾ തീവ്ര ദേശീയവാദം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഷാ. ഇന്ത്യയുടെ ആധിപത്യത്തെ അദ്ദേഹം പലപ്പോഴും എതിർത്തിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു അയൽപക്കം ആദ്യം എന്ന നയം പിന്തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ബാലേന്ദ്ര ഷായുടെ നീക്കം. അതിവേഗത്തിലുള്ളതും സമഗ്രവുമാണ് ബാലൻ ഷായുടെ ആദ്യ നീക്കങ്ങൾ. തന്റെ ഭരണകാലം നിർണ്ണായകവും വിപ്ലവാത്മകവുമായിരിക്കുമെന്ന സൂചനയാണ് ഈ നീക്കങ്ങളിലൂടെ ബാലേന്ദ്ര ഷാ നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ആക്രമിച്ചു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഇറാനിൽ വാതക ചോർച്ച
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാന്‍; കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് സൈനിക വക്താവ്