
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷേഖ് ഹസീനക്ക് ബംഗ്ലാദേശ് കോടതിയിൽ തിരിച്ചടി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരായ വിമർശനങ്ങളാണ് ഹസീനക്ക് കോടതിയിൽ തിരിച്ചടിയായത്. മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണം വ്യാപകമായി ചർച്ചയായതോടെ ഹസീനയുടെ പ്രസംഗങ്ങൾക്ക് കോടതി വിലക്ക് പ്രഖ്യാപിച്ചു.
ഹസീനയുടെ വിദ്വേഷ പ്രസംഗങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവയ്ക്കരുതെന്ന് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലാണ് ഉത്തരവിട്ടത്. ഹസീനയുടെ പ്രസംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ഈ പ്രസംഗങ്ങൾ വ്യാപിക്കുന്നത് തടയണമെന്നും കോടതി നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അധികാരത്തിൽ നിന്ന് പുറത്തായ ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ഖ് ഹസീന ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ കടുത്ത വിമർശനമുയർത്തിയത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചിരുന്നു. പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ഹസീന ആരോപിച്ചു. സായുധരായ പ്രതിഷേധക്കാരെ ഗണഭനിലേക്ക് അയക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. സെക്യൂരിറ്റി ഗാർഡുകൾ വെടിയുതിർത്താൽ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. ഞാൻ ഗാർഡുകളോട് വെടിവെക്കരുതെന്ന് പറഞ്ഞു. ഇന്ന്, എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർത്ഥത്തിൽ, യൂനുസ് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് അവർ അത് നടപ്പാക്കുന്നത്. വംശഹത്യയ്ക്ക് പിന്നിൽ വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരും യൂനുസുമാണെന്നും അവർ അഭിപ്രായപ്പെടുകയായിരുന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് ഓഗസ്റ്റിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച ശേഷം ഷെയ്ഖ് ഹസീനയുടെ ആദ്യ പൊതു പ്രസംഗത്തിലായിരുന്നു രൂക്ഷ പ്രതികരണമുണ്ടായത്.