ബംഗ്ലാദേശില്‍ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

Published : Aug 05, 2024, 03:07 PM ISTUpdated : Aug 05, 2024, 06:46 PM IST
ബംഗ്ലാദേശില്‍ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

Synopsis

സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഷെയ്ക് ഹസീന ബെലറൂസിലേക്ക് പോയെന്ന് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ നൂറ് കണക്കിന് പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. ഔദ്യോഗിക വസതിയായ ഗനഭബന്‍റെ നിയന്ത്രണം പ്രക്ഷോഭകാരികൾ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്. വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം ജനക്കൂട്ടം എടുത്തുകൊണ്ട് പോകുകയാണ്. ധാക്കയിൽ ഷെയ്ക് മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രക്ഷോഭകർ തകർത്തു. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി വഖാറുസമാൻ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഇന്നലെ മാത്രം നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591.

ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് 76 കാരിയായ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ എത്തിയത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. മറ്റൊരു പ്രധാന സംഘടനാ ആയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്ക് രാജ്യത്ത് നിരോധനമാണ്. ഈ രണ്ട് പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. അതുകൊണ്ടുതന്നെ ബംഗ്ലദേശിന്റെ ഭാവി എന്തെന്ന ചോദ്യം ബാക്കി. ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം തുടർന്നിരുന്നു. ഇത് ഭരണകക്ഷിയായ അവാമി ലീഗിന്റെ അനുയായികൾ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ പേരിലാണ് സംവരണ വിരുദ്ധ സമരം തുടങ്ങിയത്. വിവാദ സംവരണം സുപ്രീംകോടതി റദ്ദാക്കിയതോടെ അടങ്ങിയ പ്രക്ഷോഭം പക്ഷെ ദിവസങ്ങൾക്കകം ഹസീനയുടെ രാജി എന്ന ആവശ്യവുമായി വീണ്ടും കത്തിപ്പടർന്നു. അതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും; പിന്നെ നാല് സ്‌കൂള്‍ കുട്ടികള്‍; ആരാണ് കാനഡയിലെ ആ കൊലയാളി?
ലോകത്തെ ഏറ്റവും മികച്ച വിംഗ്സ്യൂട്ട് പൈലറ്റ്, മോണ്ട് ബ്ലാങ്കിൽ നിന്നുള്ള ചാട്ടം പിഴച്ചു, പാരച്യൂട്ടും കൈവിട്ടു, 37കാരന് ദാരുണാന്ത്യം