ജമാഅത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം; 12 വര്‍ഷത്തിന് ശേഷം വിലക്ക് നീക്കി ബം​ഗ്ലാദേശ് സുപ്രീം കോടതി

Published : Jun 02, 2025, 03:00 PM IST
ജമാഅത്തെ ഇസ്ലാമിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം; 12 വര്‍ഷത്തിന് ശേഷം വിലക്ക് നീക്കി ബം​ഗ്ലാദേശ് സുപ്രീം കോടതി

Synopsis

ജമാഅത്തെ ഇസ്ലാമിക്ക് നിയമപരമായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞായറാഴ്ച വിധിന്യായത്തിൽ നിർദ്ദേശിച്ചു.

ധാക്ക: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ പാർട്ടിയായി അം​ഗീകരിച്ച് രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. 1971 ലെ വിമോചന യുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് മെയ് 28 ന് ജമാഅത്ത് നേതാവ് എടിഎം അസ്ഹറുൽ ഇസ്ലാമിനെ കോടതി കുറ്റവിമുക്തനാക്കിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് നടപടി. കഴിഞ്ഞ വർഷം മുഹമ്മദ് യൂനുസ് സർക്കാർ അധികാരമേറ്റയുടനെ സംഘടനയുടെ നിരോധനം നീക്കിയിരുന്നു. 

ജമാഅത്തെ ഇസ്ലാമിക്ക് നിയമപരമായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞായറാഴ്ച വിധിന്യായത്തിൽ നിർദ്ദേശിച്ചു. 2013 ഓഗസ്റ്റ് 1 നാണ് ബംഗ്ലാദേശ് ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. 2018 ഡിസംബർ 7 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കി.

മെയ് 28 ന് ജയിൽ മോചിതനായ അസ്ഹറുൽ ഇസ്ലാമിനെ 2014 ൽ രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ.സി.ടി) വധശിക്ഷയ്ക്ക് വിധിച്ചു. 1971 ലെ യുദ്ധത്തിൽ അൽ-ബദർ മിലിഷ്യയുടെ കമാൻഡറായിരുന്ന 73 കാരനായ അസ്ഹറുൽ ഇസ്ലാമിനെ വിപ്ലവം അടിച്ചമർത്താൻ പാകിസ്ഥാൻ സൈന്യത്തെ സഹായിക്കുകയും 1971 ഏപ്രിലിൽ രംഗ്പൂരിൽ 1,256 സാധാരണക്കാർ കൊല്ലപ്പെട്ട ജറുവർബീൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയെന്ന കുറ്റത്തിനുമാണ് വധശിക്ഷക്ക് വിധിച്ചത്. 

എന്നാൽ, ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം യൂനുസ് സർക്കാർ പുനഃസംഘടിപ്പിച്ച സുപ്രീം കോടതിയുടെ അപ്പലേറ്റ് ഡിവിഷൻ മെയ് 27 ന് ഇയാളെ മോചിപ്പിക്കാൻ ഉത്തരവിട്ടു. നാല് ജമാഅത്ത് നേതാക്കളും ഒരു ബിഎൻപി നേതാവും ഉൾപ്പെടെ കേസിലെ മറ്റ് അഞ്ച് കുറ്റവാളികളെ ഇതിനകം തൂക്കിലേറ്റിയിരുന്നു. മെയ് 27 ന്, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസദ് ജോയിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പത്രപ്രവർത്തകൻ ഷഫീഖ് റഹ്മാനെയും കുറ്റവിമുക്തനാക്കി.

അതേസമയം, 2024-ൽ വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലൂടെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഹസീനയ്ക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും എതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിരുന്നു. 

1971-ലെ യുദ്ധത്തിൽ ജമാഅത്തെ ഇസ്ലാമി പാകിസ്ഥാനെ പിന്തുണച്ചിരുന്നു. പാകിസ്ഥാൻ സർക്കാരിന്റെ ഉത്തരവനുസരിച്ച്, ബംഗ്ലാദേശ് വിമോചന സമരത്തിനിടെ കൂട്ട ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കടുത്ത അതിക്രമങ്ങൾ നടത്തുകയും കൂട്ടുനിൽക്കുകയും ചെയ്തു. ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജമാഅത്തെ ഇസ്ലാമിയെ ശക്തമായി വിമർശിച്ചിരുന്നു. ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശനം പാകിസ്ഥാന് ഇടം നൽകുന്നതാകുമെന്നാണ് വിലയിരുത്തൽ.  

PREV
Read more Articles on
click me!

Recommended Stories

ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി