
ന്യൂയോർക്ക്: അമേരിക്കയിൽ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരൻ മരിച്ചു. 27 വയസുകാരനായ ഇന്ത്യൻ പൗരൻ ഫാസിൽ ഖാനാണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലിഥിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായതെന്ന് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസിൽ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ചയായിരുന്നു അപ്പാർട്ട്മെന്റിൽ തീപിടുത്തമുണ്ടായത്. ഒരാൾ മരണപ്പെട്ടതിന് പുറമെ 17 പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്കും തീ പടർന്നു പിടിച്ചു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ പലരും ജനലുകളിലൂടെ ചാടിയാണ് രക്ഷപ്പെട്ടത്. അഗ്നിശമന സേനാ അംഗങ്ങള്‍ക്കും കെട്ടിടത്തിൽ നേരിട്ട് പ്രവേശിക്കാനോ ആളുകളെ താഴേക്ക് കൊണ്ടുവരാനോ സാധിച്ചില്ല. തുടർന്ന് റോപ്പുകളിലൂടെ ആളുകളെ താഴേക്ക് ഇറക്കുകയായിരുന്നു.
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ അടുത്തുള്ള സ്കൂളിൽ താത്കാലിക സൗകര്യം ഒരുക്കി അവിടെ താമസിപ്പിച്ചിരിക്കുകയാണ്. അഗ്നിശമന സേനയിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam