
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അത്താഴ വിരുന്നൊരുക്കുമെന്ന് റിപ്പോർട്ട്. ഈ സമ്മറിൽ തന്നെ കൂടിക്കാഴ്ച്ച ഉണ്ടായേക്കുമെന്നാണ് വൈറ്റ് ഹൗസിനോട് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, വിഷയത്തോട് ദേശീയ സുരക്ഷാ കൗൺസിലിന്റെ വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു.
ജൂണിലായിരിക്കും മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച്ച. സെപ്റ്റംബറിൽ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയിൽ റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം ചർച്ചയുടെ പ്രധാന വിഷയങ്ങളിൽ ഒന്നായിരിക്കും. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മെയ് മാസത്തിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ ബൈഡൻ മോദിയുമായി ചർച്ച നടത്തും. ഓസ്‌ട്രേലിയയിലെയും ജപ്പാനിലെയും നേതാക്കൾക്കൊപ്പം ഓസ്‌ട്രേലിയയിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പവും ഏപ്രിൽ 26-ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനൊപ്പവും ബൈഡൻ കൂടിക്കാഴ്ച്ച നടത്തും.
അതേസമയം, ജോ ബൈഡന്റെ കാന്‍സര്‍ പൂർണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഒ കോർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബൈഡന് സ്കിൻ കാന്‍സറാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ഫെബ്രുവരിയിൽ ചികിത്സ പൂർത്തീകരിച്ചെന്നും ഡോ കെവിൻ പറയുന്നു.
ബാങ്കിങ് പ്രതിസന്ധിയെക്കുറിച്ച് ചോദ്യം; പ്രെസ് മീറ്റില്‍ നിന്നും ജോ ബൈഡൻ ഇറങ്ങിപ്പോയി; വീഡിയോ വൈറൽ
പതിവ് പരിശോധനയിലാണ് ബൈഡന് സ്കിൻ കാന്‍സറാണെന്ന് കണ്ടെത്തിയത്. കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. ഒരു പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ ജോ ബൈഡൻ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, കാന്‍സര്‍ ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. എന്നാൽ വലുപ്പം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് നീക്കം ചെയ്തതെന്ന് വൈറ്റ് ഹൗസിലെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam