
ലണ്ടൻ: നൂറ് കോടിയിലേറെ വിലവരുന്ന ആഭരണങ്ങളും ഡിസൈനർ വസ്തുക്കളും നഷ്ടമായതിന് പിന്നാലെ മോഷ്ടാവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 17 കോടി പ്രതിഫലം പ്രഖ്യാപിച്ച് ഉടമസ്ഥർ. ബ്രിട്ടനിൽ അതിസമ്പന്നർ താമസിക്കുന്ന ഭാഗത്തെ ആഡംബര വീട്ടിൽ നിന്ന് നഷ്ടമായ വസ്തുക്കൾ കണ്ടെത്താനാണ് വീട്ടുകാർ വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 7ന് നടന്ന ആസൂത്രിത മോഷണത്തിലെ പ്രതിയെ കണ്ടെത്താൻ വലിയ രീതിയിലുള്ള അന്വേഷണമാണ് ബ്രിട്ടനിൽ നടക്കുന്നത്. ഹോംങ്കോംഗ് സ്വദേശിയായ ഫാഷൻ ഐക്കൺ ഷാഫിര ഹൌംഗിന്റേതാണ് നഷ്ടമായ ആഭരണങ്ങൾ എന്നാണ് പുറത്ത് വരുന്ന വിവരം. ബ്രിട്ടനിലെ പ്രൈംറോസ് ഹില്ലിലെ അവന്യൂ റോഡിലെ ആഡംബര ബംഗ്ലാവിൽ 19 മിനിറ്റിനുള്ളിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് 1117066080 രൂപയുടെ വജ്ര ആഭരണങ്ങളും ഡിസൈനർ വസ്തുക്കളുമാണ്. 13 കിടപ്പുമുറികളുള്ള വീട്ടിൽ 19 മിനിറ്റ് മാത്രം ചെലവിട്ടായിരുന്നു വൻ മോഷണം നടന്നത്.
രണ്ടാം നിലയിലെ ജനലിലൂടെ ബംഗ്ലാവിന് അകത്ത് കയറിയ മോഷ്ടാവ് കഷ്ടിച്ച് അഞ്ച് മിനിറ്റോളം സമയമാണ് മുറികളിലൂടെ അതിവേഗ മോഷണത്തിനായി ചെലവിട്ടത്. വീട്ടിൽ ആളുകൾ ഉള്ള സമയത്തായിരുന്നു മോഷണമെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ബ്രിട്ടനിലെ ബംഗ്ലാവുകളിൽ നടക്കുന്ന ഏറ്റവും വലിയ മോഷണമാണ് നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. വീട്ടുകാർ ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന സേഫുള്ള മുറിയിലേക്ക് എത്തിയ മോഷ്ടാവ് ആഭരണങ്ങളും വജ്രം പൊതിഞ്ഞ വാച്ചുകളും ഇവ സൂക്ഷിക്കാനായി ആഡംബര ബാഗുമാണ് മോഷ്ടിച്ചത്. ആയുധധാരിയായ ഇയാൾ സിസിടിവി ക്യാമറ തകർക്കുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 22000 സ്ക്വയർ അടി വലുപ്പമുള്ള ബംഗ്ലാവിൽ നിന്നാണ് ബ്രിട്ടനെ വലച്ച മോഷണം നടന്നത്. 1,61,15,370 രൂപ വില വരുന്ന ബാഗ്, 16,11,406 രൂപ, 1,11,72,41,840 രൂപയുടെ വജ്ര ആഭരണങ്ങൾ എന്നിവയാണ് മോഷണം പോയിട്ടുള്ളത്.
വെളുത്ത വർഗക്കാരനായ മോഷ്ടാവിന് 20 വയസോളം പ്രായമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരുണ്ട നിറത്തിലുള്ള ഹുഡി ടീ ഷർട്ടും കാർഗോ പാന്റ്സും ബേസ് ബോൾ തൊപ്പിയും അണിഞ്ഞാണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഗ്യാസ് കട്ടറിന് സമാനമായ ചെറിയ ആയുധമായിരുന്നു യുവാവിന്റെ പക്കലുണ്ടായിരുന്നത്. പുറത്ത് നിന്ന് ശബ്ദം കേൾക്കുന്ന ഓരോ തവണയും യുവാവ് ആയുധത്തിൽ പിടിമുറുക്കുന്നത് സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷണം പോയ ആഭരണങ്ങൾ ഇതേ രൂപത്തിൽ വിറ്റഴിക്കുക അസാധ്യമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. യുവാവിന്റെ ആദ്യ മോഷണമല്ല ഇതെന്ന് വ്യക്തമാണ് സിസിടിവിയിലെ ദൃശ്യങ്ങൾ. ബ്രിട്ടനിലെ ഏറ്റവും സമ്പന്നർ താമസിക്കുന്ന മേഖലയിലാണ് മിന്നൽ കൊള്ള നടന്നത്. ആഗോളതലത്തിലുള്ള കോടീശ്വരന്മാരുടെ ആഡംബര വസതികളാണ് ഈ മേഖലയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam