പാകിസ്താൻ വിദേശകാര്യമന്ത്രിയായി ബിലാവൽ ഭൂട്ടോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

By Web TeamFirst Published Apr 27, 2022, 9:34 PM IST
Highlights

ഷഹബാസ് ഷരീഫ് മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി സ്ഥാനം ഒഴിച്ചിട്ടതും അഭ്യൂഹം ശക്തിപ്പെടാൻ കാരണമായി.

ഇസ്ലാമാബാദ്:  ബിലാവൽ ഭൂട്ടോ സർദാരി പാകിസ്താൻ്റെ വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ആയ ബിലാവൽ ആയിരിക്കും പുതുതായി അധികാരത്തിൽ വന്ന ഷെഹ്ബാസ് ഷെരീഫ് സർക്കാരിലെ വിദേശകാര്യ മന്ത്രി എന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഷഹബാസ് ഷരീഫ് മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി സ്ഥാനം ഒഴിച്ചിട്ടതും അഭ്യൂഹം ശക്തിപ്പെടാൻ കാരണമായി.. 

പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ ഐവാൻ-ഇ-സദറിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് ആരിഫ് അൽവി ബിലാവലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഷെഹ്‌ബാസും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാക്കളും ഉൾപ്പെടുന്ന ചെറിയ സദസ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

ഇതാദ്യമായാണ് പാകിസ്താൻ സർക്കാരിലെ നിർണായക പദവിയിലേക്ക് ബിലാവൽ എത്തുന്നത്. ഫെഡറൽ മന്ത്രിയായുള്ള ആദ്യ ഊഴത്തിൽ തന്നെ വിദേശകാര്യവകുപ്പ് പോലെ നിർണായകപദവി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. സാമ്പത്തിക - അഭ്യന്തര പ്രശ്നങ്ങൾ മൂലം പാകിസ്താൻ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ആണ് വിദേശകാര്യമന്ത്രിയായി ബിലാവൽ എത്തുന്നത്. 

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഗൂഢാലോചന ആരോപണത്തെ തുടർന്ന വഷളായ പാകിസ്താൻ - യുഎസ്എ ബന്ധം വീണ്ടും പൂർവ്വസ്ഥിതിയിലാക്കുക എന്നതാണ് ബില്ലാവലിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇമ്രാൻ ഭരണത്തിൽ സ്തംഭനാവസ്ഥയിലായ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വീണ്ടും സജീവമാക്കേണ്ട ചുമതലയും പുതിയ വിദേശകാര്യമന്ത്രിക്കുണ്ട്. ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് കീഴിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് നയതന്ത്ര നിരീക്ഷകരുടെ വിലയിരുത്തൽ.  

കഴിഞ്ഞയാഴ്ച ലണ്ടനിൽ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിലാവൽ വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇമ്രാൻ സർക്കാർ വീണതിനെ തുടർന്ന് ഏപ്രിൽ 11-ന് 
 അധികാരമേറ്റ സഖ്യസർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ബില്ലാവലിൻ്റെ പിപിപി.

ബേനസീർ ഭൂട്ടോയുടെയും ആസിഫ് അലി സർദാരിയുടെയും മകനാണ് 33 കാരനായ ബിലാവൽ. 2018 ലാണ് പാക് ദേശീയ അസംബ്ലിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2007-ൽ റാവൽപിണ്ടിയിൽ ഒരു രാഷ്ട്രീയ റാലിക്കിടെ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലുമാണ് ബില്ലാവലിൻ്റെ അമ്മയും മൂന്ന് തവണ പാകിസ്താൻ പ്രധാനമന്ത്രിയുമായിരുന്ന ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നത്. 

മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ മകളായിരുന്നു അവർ. 1977ൽ ജനറൽ സിയാവുൾ ഹഖ് പട്ടാള നിയമം ഏർപ്പെടുത്തിയപ്പോൾ സൈന്യം സുൽഫിക്കറിനെ പുറത്താക്കി. ഒരു കൊലപാതക കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി അദ്ദേഹത്തെ 1979-ൽ തൂക്കിലേറ്റി. ബേനസീർ ഉൾപ്പെടെ അദ്ദേഹത്തിന്റെ നാല് മക്കളിൽ മൂന്ന് പേരും പിൻക്കാലത്ത് പലതരം സംഭവങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. 

click me!