
ലണ്ടൻ: നാലായിരം വര്‍ഷം പഴക്കമുളള ശിലാഫലകം തിരികെ നൽകാനൊരുങ്ങി ബ്രിട്ടീഷ് മ്യൂസിയം. ഇറാഖില്‍ നിന്ന് ശില്പം കൊള്ളയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരു ഓണ്‍ലൈന്‍ വില്‍പന കേന്ദ്രത്തില്‍ ശില്പം വില്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് ലണ്ടന്‍ പൊലീസ് മ്യൂസിയം അധികൃതരെ വിളിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ്യിലായിരുന്നു ഇത്.
ശിലാഫലകത്തെ കുറിച്ച് ഏതാനും ചില വിവരങ്ങൾ മാത്രമായിരുന്നു വില്പനയ്ക്ക് വെച്ചപ്പോള്‍ നല്‍കിയത്.'വെസ്‌റ്റേണ്‍ ഏഷ്യാറ്റിക് അക്കാഡിയന്‍ ടാബ്ലെറ്റ്' എന്നാണ് ഈ ശിലാഫലകത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ബിസി 2400 നടുത്തുള്ള പുരാതന സുമേറിയന്‍ ക്ഷേത്രത്തിലേതാണെന്ന നിഗമനത്തിൽ എത്തി. പ്രധാന്യമുളള ഈ ഒരു ഭാഗം ഇറാഖില്‍ നിന്നുള്ളതാണെന്നും ലണ്ടനിലെ അധികൃതര്‍ അത് കണ്ടെത്തിയെന്നും ബ്രിട്ടീഷ് മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാഖിന് തിരികെ നല്‍കുന്നതിന് മുമ്പ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഫലകം പ്രദര്‍ശിപ്പിക്കാന്‍ ഇറാഖ് അനുമതി നല്‍കിയെന്നും അധികൃതര്‍ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അനധികൃത കച്ചവടത്തിനെതിരേയും സാംസ്കാരിക പൈതൃകത്തിന് ഉണ്ടാകുന്ന നാശനഷ്ടത്തിനെതിരെയും ബ്രിട്ടീഷ് മ്യൂസിയം തികച്ചും പ്രതിജ്ഞാബദ്ധമാണെന്നും ഡയറക്ടര്‍ ഹാര്‍ട്വിങ് ഫിഷര്‍ പറഞ്ഞു.
ഇറാഖിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും കൊള്ളയടിച്ച പുരാതന പുരാവസ്തുക്കൾ വിലയിരുത്തി മടക്കിനൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി 2019 ജൂലൈയിൽ ബ്രിട്ടീഷ് മ്യൂസിയം അറിയിച്ചിരുന്നു. ഇതുപോലുള്ള ക്ഷേത്ര ഫലകങ്ങൾ അപൂർവമാണെന്നും നിലവിൽ 50 ഓളം ഫലകങ്ങൾ മാത്രമേ നിലവിലുള്ളൂവെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam