
കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായതിന് (Amid Protest) പിന്നാലെ രഹസ്യ സങ്കേതത്തിലേക്ക് താമസം മാറ്റി കാനഡ (Canada) പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau). കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്ത് രൂക്ഷമായ പ്രതിഷേധങ്ങളിലേക്ക് വഴി തെളിച്ചതിന് പിന്നാലെയാണ് കുടുംബവുമൊന്നിച്ച് ട്രൂഡോ രഹസ്യ കേന്ദ്രത്തിലേക്ക് താമസം മാറിയത്. ടൊറന്‍റോയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ട്രൂഡോ രഹസ്യ സങ്കേതത്തിലേക്ക് മാറിയത്.
രാജ്യാതിര്ത്തി കടക്കാന്‍ ട്രെക്ക് ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ട്രെക്ക് ഡ്രൈവര്‍മാരാണ് രാജ്യ തലസ്ഥാനത്ത് ശനിയാഴ്ച പ്രതിഷേധവുമായി എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളും വാക്സിന്‍ നിബന്ധനയും മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധമെന്നാണ് കനേഡിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളും കുടുംബവുമൊന്നിച്ചായിരുന്നു പ്രതിഷേധക്കാരില്‍ ഏറിയ പങ്കും രാജ്യ തലസ്ഥാനത്തേക്ക് എത്തിയത്. പ്രതിഷേധം അതിര് വിടുമെന്ന സൂചനകളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതെന്നാണ് വിവരം.
കാനഡയുടെ യുദ്ധ സ്മാരകത്തിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. കലാപസമാനമായ അന്തരീക്ഷമാണുള്ളതെന്നാണ് പൊലീസ് നിരീക്ഷണം. യുദ്ധ സ്മാരകത്തിലെത്തി നൃത്തം ചെയ്തുള്ള പ്രതിഷേധത്തെ ഇതിനോടകം നേതാക്കന്മാര്‍ അപലപിച്ചിട്ടുണ്ട്. പ്രതിഷേധം അക്രമാസക്തമാകുമോയെന്ന് ആശങ്കയുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ വെള്ളിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞിരുന്നു.