
ബുച്ചാറെസ്റ്റ്(റൊമാനിയ): ഓപ്പറേഷന്‍ നടക്കുന്നതിനിടെ തീപിടിച്ച് ക്യാന്‍സര്‍ രോഗി മരിച്ചു. റൊമാനിയയിലെ ബുച്ചാറെസ്റ്റിലാണ് സംഭവം. അണുബാധ തടയാന്‍ ഉപയോഗിച്ച മരുന്നില്‍ ആല്‍ക്കഹോളിന്‍റെ അംശമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉപയോഗിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയോപകരണ(ഇലക്ട്രിക് സ്കാല്‍പെല്‍)ത്തില്‍ നിന്നാണ് രോഗിക്ക് തീ പിടിച്ചത്.
ഓപ്പറേഷന്‍ ടേബിളില്‍ ശസ്ത്രക്രിയ പുരോഗമിക്കുന്നതിന് ഇടയിലാണ് സംഭവം. പൊള്ളലേറ്റ ശേഷം ഒരു ആഴ്ചയിലേറെ ചികിത്സയില്‍ ആയിരുന്നു. നാല്‍പത് ശതമാനത്തിലേറെ അറുപത്തിയാറുകാരിക്ക് പൊള്ളലേറ്റിരുന്നു. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ഇവരെ ബുച്ചാറെസ്റ്റിലെ ഫ്ലോറെസ്കാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 22നായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടന്നത്.
സംഭവം ദൗര്‍ഭാഗ്യകരമായ ഒരു അപകടമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റൊമാനിയയിലെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. സത്യം കണ്ടെത്തുമെന്നും രോഗിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആരോഗ്യമന്ത്രി വിക്ടര്‍ കോസ്റ്റാ പറഞ്ഞു.
വൈദ്യുതി ഉപയോഗിച്ച് സര്‍ജറി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ തടയാനുള്ള മരുന്നില്‍ ആല്‍ക്കഹോളിന്‍റെ അംശം പാടില്ലെന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഏറ്റവും പിന്നിലുള്ള രാജ്യമാണ് റൊമാനിയ. ശിശുമരണങ്ങളും ഇവിടെ കൂടുതലാണ്. ആശുപത്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ലഭ്യതക്കുറവും ഇവിടെയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam