ദൗത്യം വിജയിച്ചില്ല, 800 ഇവികളടക്കം 3000 കാറുകളുമായി തീപിടിച്ച കപ്പൽ മുങ്ങി, മലിനീകരണ ഭീഷണി?

Published : Jun 26, 2025, 09:20 AM IST
Ship

Synopsis

തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് കപ്പൽ ഉപേക്ഷിച്ചു. ഇലക്ട്രിക് വാഹനങ്ങൾ നിറച്ച ഡെക്കിൽ നിന്നാണ് തീപിടിച്ചതെന്ന് കരുതുന്നു

ന്യൂയോര്‍ക്ക്: ഈ മാസം ആദ്യം പസഫിക് സമുദ്രത്തിൽ തീപിടിച്ച ചരക്ക് കപ്പൽ മുങ്ങിയതായി അധികൃതർ. കപ്പലിനെ കരക്കെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടതിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്. തീപിടിച്ചതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട മോർണിംഗ് മിഡാസ് എന്ന കപ്പലാണ് മുങ്ങിയത്. 880 ഇലക്ട്രിക് വാഹനങ്ങളടക്കം ഏകദേശം 3,000 വാഹനങ്ങളുമായെത്തിയ കപ്പലാണ് മുങ്ങിയത്. ജൂൺ 23 ന് ചരക്ക് കപ്പൽ മുങ്ങിയതായി ഷിപ്പിംഗ് കമ്പനി അറിയിച്ചു. 

കപ്പൽ മുങ്ങിയതിനെ തുടർന്ന് മലിനീകരണ സാധ്യതക്കുള്ള ആശങ്കയുയർന്നു. എന്നാൽ, പ്രകടമായ മലിനീകരണമൊന്നുമില്ലെന്ന് അലാസ്ക ആസ്ഥാനമായുള്ള യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് പെറ്റി ഓഫീസർ കാമറൂൺ സ്നെൽ എപിയോട് പറഞ്ഞു. മലിനീകരണത്തിനെതിരെ പ്രതികരിക്കാൻ ഇപ്പോൾ മറ്റ് കപ്പലുകൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത കാലാവസ്ഥയാണ് തീപിടുത്തം മൂലമുണ്ടായ നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചതെന്നും കപ്പലിനുള്ളിൽ വെള്ളം കയറിയതിനാൽ മുങ്ങിപ്പോയെന്നും സോഡിയാക് മാരിടൈം പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം 5,000 മീറ്റർ ആഴത്തിലും കരയിൽ നിന്ന് 360 നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പൽ മുങ്ങിയത്. ജൂൺ 3 ന് അലാസ്കയിലെ അലൂഷ്യൻ ദ്വീപ് ശൃംഖലയ്ക്ക് സമീപമാണ് വെള്ളത്തിൽ 800 ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 3,000 വാഹനങ്ങൾ വഹിച്ചുകൊണ്ടിരുന്ന മോർണിംഗ് മിഡാസ് എന്ന ചരക്ക് കപ്പലിന് തീപിടിച്ചത്. 

തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് കപ്പൽ ഉപേക്ഷിച്ചു. ഇലക്ട്രിക് വാഹനങ്ങൾ നിറച്ച ഡെക്കിൽ നിന്നാണ് തീപിടിച്ചതെന്ന് കരുതുന്നു. 600 അടി (183 മീറ്റർ) നീളമുള്ള മോർണിംഗ് മിഡാസ് എന്ന ലൈബീരിയൻ കപ്പൽ 2006ലാണ് നീറ്റിലിറക്കിയത്. മെയ് 26 ന് ചൈനയിലെ യാന്റായിയിൽ നിന്നാണ് കപ്പൽ കാറുകളുമായി പുറപ്പെട്ടത്. മെക്സിക്കോയിലെ ലസാരോ കാർഡെനാസ് തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'