അമേരിക്കയുടേത് നഗ്നമായ സാമ്പത്തിക ഭീകരവാദമെന്ന് ചൈന

Published : May 30, 2019, 05:14 PM ISTUpdated : May 30, 2019, 05:50 PM IST
അമേരിക്കയുടേത് നഗ്നമായ സാമ്പത്തിക ഭീകരവാദമെന്ന് ചൈന

Synopsis

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയുമായി ചൈന ജൂണില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജൂണ്‍ അഞ്ച് മുതല്‍ ഏഴുവരെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങും കൂടിക്കാഴ്ച്ച നടത്തുന്നത്. 

ബീജിങ്: അമേരിക്ക നടത്തുന്നത് നഗ്നമായ സാമ്പത്തിക ഭീകരവാദമാണെന്ന് ചൈന. അമേരിക്ക-ചൈന വ്യാപാരം യുദ്ധം മുറുകി നില്‍ക്കെയാണ് പ്രകോപനപരമായ പ്രസ്താവനുമായി ചൈന രംഗത്തെത്തിയത്. ഞങ്ങള്‍ വ്യാപാര യുദ്ധത്തിനെതിരാണ്. എന്നാല്‍, ഞങ്ങള്‍ ഭയപ്പെടുന്നവരല്ലെന്ന് അമേരിക്ക മനസ്സിലാക്കണമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ഴാങ് ഹാന്‍ഹുയി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അമേരിക്ക നടത്തുന്നത് നഗ്നമായ സാമ്പത്തിക തീവ്രവാദവും സാമ്പത്തിക മേല്‍ക്കോയ്മയുമാണ്. സാമ്പത്തികമായി മറ്റുള്ളവരെ ഭയപ്പെടുത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതര രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന ഉപരോധങ്ങളെയും ചൈന വിമര്‍ശിച്ചു. വ്യാപാര യുദ്ധത്തില്‍ ആത്യന്തികമായി ആര്‍ക്കും വിജയമില്ലെന്ന് അമേരിക്ക മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച് അമേരിക്കയാണ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ചൈനയും തിരിച്ചടിച്ചു.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നികുതി ചൈനയും വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച നികുതി നിലവില്‍ വരും. സാങ്കേതിക രംഗത്ത് ഏറെ ഉപയോഗിക്കുന്ന അമേരിക്കയിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി ചൈന നിര്‍ത്തിവെക്കണമെന്ന് ചൈനീസ് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. റെയര്‍ എര്‍ത്ത് രാസവസ്തുക്കള്‍ക്കായി അമേരിക്ക ചൈനയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ചൈനയുടെ ശക്തിയെ കുറച്ചുകാണരുതെന്ന് ചൈനീസ് ഔദ്യേഗിക മാധ്യമമായ പീപ്പിള്‍ഡ് ഡെയിലി ദിനപത്രം എഡിറ്റോറിയല്‍ എഴുതി. 

നിലവിലെ ധാരണകള്‍ പ്രകാരം അമേരിക്ക ദശകങ്ങളായി നഷ്ടം അനുഭവിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മറുപടി നല്‍കി. അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയുമായി ചൈന ജൂണില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജൂണ്‍ അഞ്ച് മുതല്‍ ഏഴുവരെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങും കൂടിക്കാഴ്ച്ച നടത്തുന്നത്. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറിലേര്‍പ്പെടും. ഇരുരാജ്യങ്ങളും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം