'നേപ്പാളിന്റെ വിവിധ പ്രദേശങ്ങള്‍ ചൈന കയ്യേറി', ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍

By Web TeamFirst Published Oct 24, 2020, 10:11 PM IST
Highlights

അതിര്‍ത്തിയിലെ ഏഴ് ജില്ലകളിലേക്ക് കയ്യേറ്റം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നതെന്ന് ഐഎഎന്‍എസ്...
 

ദില്ലി: നേപ്പാളിന്റെ വിവിധ പ്രദേശങ്ങള്‍ ചൈന അനധികൃതമായി കയ്യേറിയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. അതിര്‍ത്തിയിലെ ഏഴ് ജില്ലകളിലേക്ക് കയ്യേറ്റം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നതെന്ന് ഐഎഎന്‍എസ് (ഇന്റോ ഏഷ്യന്‍ ന്യൂസ് സര്‍വ്വീസ്) റിപ്പോര്‍ട്ട് ചെയ്യുന്നു. 

''ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)ക്ക് കയ്യേറ്റം വ്യാപിപ്പിക്കാന്‍ നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സഹായം നല്‍കാന്‍ തുടങ്ങിതോടെ സാഹചര്യം മോശമായിരിക്കുകയാണ്'' ഒരു ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേപ്പാള്‍ സര്‍വ്വെ വിഭാഗമാണ് ചൈനയ്ക്ക് കയ്യേറ്റത്തിന് പച്ചക്കൊടി കാണിക്കുന്നത്. ദൊലാഖ, ഗോര്‍ഖ, ദര്‍ച്ചുല, ഹുംല, സിന്ദുപാല്‍ചൗക്ക്, ശംഖുവസഭ, റസുവ എന്നീ ജില്ലകളിലെ ഭൂമിയാണ് അനധികൃതമായി കയ്യേറിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പില്ലര്‍ നമ്പര്‍ 57 മുന്നോട്ട് നീങ്ങി ദൊലാഖയിലെ കൊര്‍ലാംഗിലേക്ക് മാറ്റിയിരിക്കുന്നു. ദൊലാഖയ്ക്ക് സമാനമായി 35, 37, 38 പില്ലറുകളും ഗോര്‍ഖയിലും പില്ലര്‍ 62 സൊലുഖുംബുവിലെ ഭന്‍ജ്യാംഗിലാണ്. ടോം നദിക്ക് സമീപവും റൂയ് ഗ്രാമത്തിലുമാണ് ആദ്യ പില്ലറുകള്‍. 

ഈ ഗ്രാമം നേപ്പാളിന്റെ ഭാഗമാണെന്നാണ് നേപ്പാളിന്റെ ഔദ്യോഗിക ഭൂപടം വ്യക്തമാക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ നേപ്പാള്‍ സര്‍ക്കാരിന് നികുതി നല്‍കുന്നുണ്ട്. എന്നാല്‍ 2017ല്‍, ചൈന ഈ പ്രദേശം കയ്യടക്കുകയും ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തോട് ലയിപ്പിക്കുകയും ചെയ്തിരുന്നു. 

നേപ്പാളിന്റേതായിരുന്ന വീടുകള്‍ ഇപ്പോള്‍ ചൈനയുടെ ഭൂപ്രദേശ പരിധിയിലാണ്. ചൈന ഭൂമി കയ്യേറിയ വിവിധ സംഭവങ്ങള്‍ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുമായി നേപ്പാള്‍ കാര്‍ഷിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നാല് ജില്ലകളിലായി 11 പ്രദേശങ്ങള്‍ ചൈന കയ്യടക്കിയെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട്.

click me!