30 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന

Published : Oct 31, 2022, 12:02 PM ISTUpdated : Oct 31, 2022, 12:04 PM IST
30 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന

Synopsis

30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നിയമപരിഷ്കാരത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകുന്നത്.  


ബീജീങ്ങ്:  ലിംഗ വിവേചനത്തിനും ലൈംഗികാതിക്രമത്തിനും എതിരെ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം ചൈന ഇന്നലെ പാസാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.  രാജ്യത്തിന്‍റെ ചരിത്രത്തില്‍ 30 വർഷത്തിനിടയില്‍ ആദ്യമായാണ് സ്ത്രീ സംരക്ഷണ നിയമം ചൈന പരിഷ്കരിക്കുന്നത്. നിയമം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നോളം പുനരവലോകന യോഗം ചേര്‍ന്ന ശേഷം നിയമനിര്‍മ്മാണത്തിനായി പാര്‍ലമെന്‍റിന് മുന്നില്‍ സമര്‍പ്പിച്ചിരുന്ന പരിഷ്കാരങ്ങളാണ് ഇന്നലെ ചൈനീസ് പാര്‍ലമെന്‍റ് അംഗീകരിച്ച് നിയമമാക്കിയത്. 

പാവപ്പെട്ട സ്ത്രീകൾ, പ്രായമായ സ്ത്രീകൾ, വികലാംഗരായ സ്ത്രീകൾ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളുടെയും താൽപ്പര്യങ്ങളുടെയും സംരക്ഷണം ഈ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നുവെന്ന് ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. ഗർഭച്ഛിദ്രത്തോടുള്ള നിയന്ത്രണ മനോഭാവം ഉൾപ്പെടെ സ്ത്രീകൾക്കുള്ള പരമ്പരാഗത കടമകളുടെ  മൂല്യത്തെക്കുറിച്ചുള്ള സർക്കാരിന്‍റെ വർദ്ധിച്ചുവരുന്ന വാചക കസര്‍ത്തുകള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സ്ത്രീകളുടെ അവകാശങ്ങൾക്ക് തിരിച്ചടിയാണെന്നും അവർ ആരോപിച്ചു. 

എന്നാല്‍, നിയമം എത്രമാത്രം ശക്തമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാഥാസ്ഥിതിക നിലപാടുകള്‍ പുതിയ നിയമത്തില്‍ ഏത്രത്തോളമുണ്ടെന്നത് വ്യക്തമല്ല. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നിയമപരിഷ്കാരത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകുന്നത്.  'സ്ത്രീകളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷണ നിയമം' എന്ന പേരിലുള്ള ബിൽ കഴിഞ്ഞ വെള്ളിയാഴ്ച നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) വെബ്‌സൈറ്റിൽ പാസായതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്നലെയാണ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതെന്നും വാര്‍ത്തയില്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 മുതൽ പുതുക്കിയ നിയമം നിലവിൽ വരും.  

സ്ത്രീകളുടെ തൊഴിൽ, സാമൂഹിക സുരക്ഷാ അവകാശങ്ങളും താൽപ്പര്യങ്ങളും ലംഘിക്കപ്പെട്ടാൽ തൊഴിലുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് പുതിയ നിയമം അനുശാസിക്കുന്നതായി വാര്‍ത്ത ഏജൻസികളെ  ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ട് പോകപ്പെടുന്ന സ്ത്രീകളെ രക്ഷിക്കുന്നതിൽ തടസ്സം നിൽക്കുന്നത് "കുറ്റമായി" കണക്കാക്കുമെന്നും അത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തം വ്യക്തമാക്കുമെന്നും ബില്ലിൽ പറയുന്നു. ചങ്ങലയിൽ കിടക്കുന്ന ഒരു സ്ത്രീയുടെ ചിത്രം നേരത്തെ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വിവാദമായിരുന്നു. ചൈനയിൽ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന ആരോപണവും ഇതോടെ ഉയര്‍ന്നിരുന്നു. ഈ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാകാം പെട്ടെന്ന് തന്നെ സ്ത്രീ സുരക്ഷാ നിയമം പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍, 25 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരൊറ്റ സ്ത്രീകളും ഇല്ലെന്ന പ്രത്യേകതയുമുണ്ട്. 

കൂടുതല്‍ വായനയ്ക്ക്: 'ലോകത്തിന് ചൈനയെ ആവശ്യമുണ്ട്', മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ഷി ജിൻപിങ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി