
ദില്ലി: തവാങ് സംഘർഷത്തിൽ ഇതാദ്യമായി പ്രതികരണവുമായി ചൈനയുടെ പ്രതികരണം. യഥാർത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു. സംഘർഷത്തിൽ ഇത് ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്.
വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ചൈനയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സംഘർഷത്തെക്കുറിച്ച് ഇന്ത്യൻ പ്രതിരോധമന്ത്രി ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു.
“ഞങ്ങൾ മനസ്സിലാക്കിയിടത്തോളം, ചൈന-ഇന്ത്യ അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു, നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ അതിർത്തി പ്രശ്‌നത്തിൽ ഇരുപക്ഷവും ചർച്ചകൾ നടത്തുണ്ട്.
ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയുടേയും ചൈനയുടേയും സൈനികർ ഏറ്റുമുട്ടിയതായി ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർക്കും ചൈനീസ് സൈനികർക്കും നിസാര പരിക്കേറ്റതായി സൈന്യം അറിയിച്ചു.
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ 200-ലധികം ചൈനീസ് സൈനികർ ആയുധങ്ങളുമായി ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയതായി കഴിഞ്ഞ ദിവസമാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കിയത്. കിഴക്കൻ ലഡാക്കിൽ ഇരുപക്ഷവും തമ്മിൽ 30 മാസത്തിലേറെയായി തുടരുന്ന അതിർത്തി തർക്കത്തിനിടയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൽഎസിക്ക് സമീപം യാങ്‌സെയ്ക്ക് സമീപം ഏറ്റുമുട്ടൽ നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam