
അമേരിക്കയെയും റഷ്യയെയും വെല്ലുവിളിക്കുന്ന പ്രഹരശേഷികൂടിയ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ചൈനയുടെ രഹസ്യനീക്കം. നിലവിലെ ആണവപദ്ധതികള്‍ വിപുലീകരിച്ച് ആണവായുധങ്ങളുടെ എണ്ണത്തിലും പ്രഹരശേഷിയിലും വന്‍മുന്നേറ്റം നടത്തുകയാണ് ചൈന. ഇത് ഇന്ത്യയ്ക്ക് കൂടി ഭീഷണിയാണ്.
സിചുവാന്‍ പ്രവിശ്യയിലെ ഗ്രാമങ്ങള്‍ ഒഴിപ്പിച്ചാണ് ഇതിനുവേണ്ടിയുള്ള വന്‍ സജ്ജീകരണങ്ങള്‍ നടത്തുന്നത്. ഉപഗ്രഹചിത്രങ്ങളും ചൈനയുടെയും യുഎസിന്റെയും സൈനികരേഖകളും വിശദമായി പരിശോധിച്ച് അമേരിക്കന്‍ ചാനലായ സിഎന്‍എന്നിന്റെ പത്തംഗ മാധ്യമപ്രവര്‍ത്തക സംഘം നടത്തിയ ദീര്‍ഘഅന്വേഷണത്തിലാണ് ചൈനയുടെ ആണവമുന്നേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം ആരാഞ്ഞപ്പോള്‍ ഇക്കാര്യം അറിവില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.
ചൈനയുടെ ആണവ പദ്ധതികള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത മാസം ചൈനീസ് സന്ദര്‍ശനം നടത്തുന്നുണ്ട്. റഷ്യയും അമേരിക്കയും തമ്മിലുള്ള ആയുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാര്‍ട്ട്' കാലാവധി ഈ വര്‍ഷം ആദ്യം അവസാനിച്ചിരുന്നു. റഷ്യയ്‌ക്കൊപ്പം ചൈനയെയും ഉള്‍പ്പെടുത്തി പുതിയൊരു കരാര്‍ ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ട്രംപിന്റെ യാത്ര. മൂന്നാഴ്ച മുമ്പ് നടത്താനിരുന്ന യാത്ര ഇറാന്‍ യുദ്ധം കാരണം നീട്ടിവെക്കുകയായിരുന്നു. അമേരിക്കയുടെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും വേഗം ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമാണ് ചൈന. നിലവില്‍ 600-ലധികം ആണവായുധങ്ങള്‍ ചൈനയുടെ പക്കലുണ്ട് എന്നാണ് കണക്ക്. എന്നാല്‍, അമേരിക്കയുടെയും റഷ്യയുടെയും പക്കല്‍ ചൈനയേക്കാള്‍ നാലിരട്ടിയിലധികം ആയുധങ്ങളുണ്ട്.
906 എന്ന ആണവായുധ താവളം
യുഎസ് ചാരസംഘടനയായ സിഐഎ വളരെപ്പണ്ടേ ചൈനയിലെ ഈ പ്രദേശത്തെ ആണവ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം, ഈ പ്രദേശം അമേരിക്കയുടെ ചാരഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണ്. 906 എന്നറിയപ്പെടുന്ന ഈ ആണവായുധ താവളത്തിനുള്ളിലാണ് പുതിയ കേന്ദ്രം കണ്ടെത്തിയത്. ഇതിന് ചുറ്റും മൂന്ന് തലങ്ങളില്‍ സുരക്ഷാ വേലികളുണ്ട്. ഇതോടുചേര്‍ന്നുള്ള ഒരു തുരങ്കം തൊട്ടടുത്ത മലയുടെ ഉള്ളിലേക്കാണ് പോവുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ച് വര്‍ഷത്തിനിടയില്‍ ടോങ്ജിയാങ് നദിയുടെ തീരത്താണ് ഈ പുതിയ ആണവതാവളം ഉയര്‍ന്നുവന്നത്. 36,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കൂറ്റന്‍ ഡോം ആണ് ഈ പ്രദേശത്ത് ഇപ്പോള്‍ നിര്‍മിച്ചത്. ഇവിടെ ഇപ്പോഴും യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റും ഉരുക്കും ഉപയോഗിച്ചാണ് ഡോം നിര്‍മ്മിച്ചത്. ഇതില്‍ റേഡിയേഷന്‍ മോണിറ്ററുകളും സ്‌ഫോടനങ്ങളെ പ്രതിരോധിക്കുന്ന വാതിലുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെനിന്നുള്ള പൈപ്പുകള്‍ തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കാണ് പോവുന്നത്. യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ പുറത്തുപോകാതെ ഉള്ളില്‍ത്തന്നെ തടഞ്ഞുനിര്‍ത്താനാണ് വായുസഞ്ചാര നിയന്ത്രണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇത്തരം സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്ന് സുരക്ഷാവിദഗ്ധരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ താവളത്തെ സിറ്റോംഗ് മേഖലയിലെ മറ്റ് മൂന്ന് ആണവായുധ താവളങ്ങളുമായി ബന്ധിപ്പിക്കാന്‍ പുതുതായി റോഡുകള്‍ നിര്‍മ്മിച്ചത് ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. റെയില്‍വെ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2021 മുതലാണ് ഇവിടെ വലിയ രീതിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സിറ്റോംഗ് ശൃംഖലയ്ക്ക് 40 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗവേഷണ സ്ഥാപനങ്ങളിലും വന്‍തോതിലുള്ള മാറ്റങ്ങള്‍ ദൃശ്യമാണ്. 'സയന്‍സ് സിറ്റി' എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം ചൈനയുടെ ആണവായുധ പദ്ധതിയുടെ തലച്ചോറ് ആയാണ് അറിയപ്പെടുന്നത്. 2022-ല്‍ ഗവേഷണ സൗകര്യങ്ങള്‍ക്കായി ഇവിടെ ഏകദേശം 600-ലധികം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. ചൈനയുടെ പ്രധാന ആണവായുധ വികസന ഏജന്‍സിയായ സിഎഇപിയുടെ പത്തിലധികം ഗവേഷണ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2021-ലാണ് ഇവിടെ നവീകരണശ്രമങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തന്ത്രപരമായ പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി മാസങ്ങള്‍ക്കള്ളിലായിരുന്നു ഇത്.
1971--ലാണ് യുഎസ് ചാര ഉപഗ്രഹങ്ങള്‍ ഈ ആണവ ശൃംഖലയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതൊരു വലിയ വഴിത്തിരിവായാണ് അമേരിക്ക അന്ന് കണക്കാക്കിയത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളുടെ ലോകത്തിലെ മൂന്നാമത്തെ വലിയ നിര്‍മ്മാതാക്കളായി ചൈന മാറുമെന്നാണ് അന്ന് അമേരിക്ക ഇതിനെ കണക്കാക്കിയത്. 2020-ഓടെ ഇത് യാഥാര്‍ത്ഥ്യമായി. ചൈനയുടെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം ഫ്രാന്‍സിന്റേതിനേക്കാള്‍ കൂടുതലായതാണ് കണക്ക്.
ആണവ പരീക്ഷണങ്ങള്‍ക്കുള്ള നിരോധനം ചൈന ലംഘിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് സ്റ്റേറ്റ് അണ്ടര്‍സെക്രട്ടറി തോമസ് ഡിനാനോ ആരോപിച്ചിരുന്നു. പുതിയ തലമുറയില്‍പ്പെട്ട ആണവായുധങ്ങള്‍ ചൈന പരീക്ഷിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബീജിംഗ് ഈ ആരോപണം ശക്തമായി നിഷേധിക്കുകയായിരുന്നു. ചൈനീസ് വക്താവായ ജിയാങ് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'ആത്മരക്ഷാര്‍ത്ഥമുള്ള ആണവ തന്ത്രമാണ് ചൈന പിന്തുടരുന്നത്. ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ല എന്ന നയമാണ് ഞങ്ങളുടേത്. ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ഇവ ഉപയോഗിക്കില്ലെന്ന് ചൈന ഉറപ്പുനല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam