ശ്രദ്ധിക്കുക, ഓണ്‍ലൈന്‍ തൊഴില്‍ പ്ലാറ്റ്ഫോമുകളില്‍ ചൈനീസ് ചാരന്‍മാര്‍; ലക്ഷ്യം രഹസ്യവിവരങ്ങള്‍; മുന്നറിയിപ്പുമായി 5 രാജ്യങ്ങള്‍

Published : Jun 04, 2026, 03:57 PM IST
Spy agencies

Synopsis

അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന 'ഫൈവ് ഐസ്' (Five Eyes) സഖ്യത്തിലെ സുരക്ഷാ ഏജന്‍സികളാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള അപകടകരമായ ഈ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ചാരപ്പണി നടത്താന്‍ ആളെത്തേടി ചൈനീസ് ചാരന്‍മാര്‍ ഓണ്‍ലൈന്‍ തൊഴില്‍ പ്ലാറ്റ്ഫോമുകള്‍ കയറിയിറങ്ങുന്നു. ചൈനയുടെ മിലിട്ടറി ഇന്റലിജന്‍സ് സര്‍വീസസാണ് വിവിധ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സര്‍വീസുകളും കയറിയിറങ്ങി തങ്ങള്‍ക്ക് ആവശ്യമുള്ള ആളുകളെ തിരയുന്നത്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന 'ഫൈവ് ഐസ്' (Five Eyes) സഖ്യത്തിലെ സുരക്ഷാ ഏജന്‍സികളാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള അപകടകരമായ ഈ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

യു.എസ്, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് 'ഫൈവ് ഐസ്' എന്ന കൂട്ടായ്മയിലുള്ളത്. ഈ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷാ ഏജന്‍സികളാണ് സംയുക്തമായി ഈ മുന്നറിയിപ്പ് നല്‍കിയത്. തങ്ങള്‍ക്ക് തന്ത്രപരവും യുദ്ധപരവുമായ മേല്‍ക്കൈ നല്‍കാന്‍ സാധിക്കുന്നവിധം സൈനിക, രാഷ്ട്രീയ, സാമ്പത്തിക രഹസ്യവിവരങ്ങള്‍ കൈക്കലാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് സംയുക്ത ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

പ്രതിരോധം, വിദേശകാര്യം, ഇന്റലിജന്‍സ് മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍, ഇന്‍ഡോ-പസഫിക് മേഖലയില്‍ വിന്യസിച്ച സൈനികര്‍ എന്നിവരെയാണ് ചൈനീസ് ചാരന്മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍, തിങ്ക് ടാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ വിവരങ്ങള്‍ അറിയാന്‍ സാധ്യതയുള്ള പ്രൊഫഷണലുകള്‍ എന്നിവരെയും ചൈനീസ് ചാരന്‍മാര്‍ തിരയുന്നുണ്ട്.

തന്ത്രപരമായ രീതിയിലാണ് ഈ റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്ന് ബുള്ളറ്റിനില്‍ പറയുന്നു. നേരിട്ടല്ല ഈ റിക്രൂട്ട്‌മെന്റ്. പറ്റിയ ആളുകളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരെ സമീപിക്കുക ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള, എന്നാല്‍, പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നിക്കാത്ത ഏജന്‍സികളായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവരുമായി ഇവര്‍ ചില ധാരണകളിലെത്തും. അജ്ഞാതരായ ക്ലയന്റുകള്‍ക്ക്‌വേണ്ടി ചില രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടും. കരാറില്‍ എത്തുന്നവര്‍ക്ക് ഓരോ രഹസ്യവിവരത്തിനും നൂറ് മുതല്‍ അയ്യായിരം ഡോളര്‍ വരെ പ്രതിഫലം നല്‍കും. വിവരങ്ങളുടെ രഹസ്യസ്വഭാവം കൂടുമ്പോള്‍ തുക കൂടും.

നിലവിലുള്ളതും വിരമിച്ചതുമായ യു.എസ് സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിട്ട് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് അമേരിക്കന്‍ ഏജന്‍സികള്‍ മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ചാരവൃത്തി നടത്താന്‍ ചൈനീസ് ചാരന്‍മാര്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്റെ ചാര സംഘടനയായ MI 5 കഴിഞ്ഞ നവംബറില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ വിവിധ രാജ്യങ്ങള്‍ സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ഇത്തരം ആരോപണങ്ങളെല്ലാം ചൈന തള്ളിക്കളയാറാണ് പതിവ്. കെട്ടിച്ചമച്ച ആരോപണങ്ങള്‍, അപവാദപ്രചാരണങ്ങള്‍ എന്നിങ്ങനെയാണ് ചൈന സാധാരണ മറുപടി നല്‍കാറുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലെ സംഘർഷ സാഹചര്യത്തിനിടെ നിർണായക നീക്കം; ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ഡൊണാൾഡ് ട്രംപ്, സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ച
എണ്ണാമെങ്കില്‍ എണ്ണിക്കോ, ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ; പുത്തന്‍ ആണവ പ്ലാന്റില്‍ കിമ്മിന്റെ ചിത്രം; ആയുധ നിര്‍മാണം തകൃതി!