ജീവനില്ലാതെ, കുതിച്ചെത്തിയ ആനയും കുതിരയും സിംഹവും...; അത്‍ഭുതക്കാഴ്ച്ച ഒരുക്കി സർക്കസ് കമ്പനി-വീഡിയോ

By Web TeamFirst Published Jun 11, 2019, 12:27 PM IST
Highlights

അശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകിയാണ് മൃ​ഗങ്ങളെ അഭ്യാസപ്രകടനത്തിന് സജ്ജരാക്കുന്നതെന്ന് കാണിച്ച് നെതർലാൻഡ്, അയലാൻഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ സർക്കസിന് വന്യജീവികളെയടക്കം ഉപയോ​ഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

സാധാരണയായി ആന, പുലി, സിംഹം, കുതിര, കടുവ, ഒട്ടകം എന്നിവയൊക്ക ഒരു സർക്കസ് കൂടാരത്തിൽ‌ ഉണ്ടാകും. അവയുടെ ഓട്ടവും ചാട്ടവും രസകരമായ അഭ്യാസപ്രകടനങ്ങളും കാണാൻ വേണ്ടിയാണ് പണം മുടക്കി ടിക്കറ്റെടുത്ത് സർക്കസ് പ്രേമികളെല്ലാം തന്നെ സർക്കസ് കൂടാരത്തിൽ എത്തുന്നത്. എന്നാൽ എത്രമാത്രം വേദനസഹിച്ചാണ് ആ മൃ​ഗങ്ങൾ കാണികളെ രസിപ്പിക്കുന്നതെന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാവില്ല. അശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകിയാണ് മൃ​ഗങ്ങളെ അഭ്യാസപ്രകടനത്തിന് സജ്ജരാക്കുന്നതെന്ന് കാണിച്ച് നെതർലാൻഡ്, അയലാൻഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ സർക്കസിന് വന്യജീവികളെയടക്കം ഉപയോ​ഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെ അഭ്യാസപ്രകടനത്തിന് മൃ​ഗങ്ങളെ ഉപയോ​ഗിക്കുന്നത് നിർത്തലാക്കുന്നതിനും മൃ​ഗങ്ങൾക്കെതിരേയുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനും വേണ്ടി പുത്തൻ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ജർമനിയിലെ ഒരു സർക്കസ് കമ്പനി. ജീവനില്ലാത്ത ത്രീഡി മൃ​ഗങ്ങളെകൊണ്ട് അഭ്യാസപ്രകടനം നടത്തിക്കുകയാണ് ജർമനിയിലെ സർക്കസ് കമ്പനിയായ സർക്കസ് റോൺക്കാലി. ത്രീഡിയിൽ തയ്യാറാക്കിയിട്ടുള്ള വന്യജീവികളെയടക്കം ഉപയോ​ഗിച്ച് നടത്തുന്ന ഈ സർക്കസ് പ്രദർശനം കാണാൻ നൂറ്ക്കണക്കിന് ആളുകളാണ് ദിനംപ്രതി സർക്കസ് റോൺക്കാലിയിൽ എത്തുന്നത്. 

ലേസര്‍ പ്രകാശം ഉപയോ​ഗിച്ച് രൂപപ്പെടുത്തുന്ന മൃ​ഗങ്ങളുടെ ത്രീഡി ഛായാചിത്രങ്ങൾക്ക് ഒറ്റനോട്ടത്തിൽ ജീവനുണ്ടെന്ന് തോന്നും. ലോകത്ത് ആദ്യമായി ത്രിമാന ഛായാചിത്രം ഉപയോ​ഗിച്ച് സർക്കസ് പ്രദർശനം നടത്തുന്ന കമ്പനിയാണ് സർക്കസ് റോൺക്കാലി. കമ്പനി പുറത്തുവിട്ട ത്രീഡി സർക്കസിന്റെ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സർക്കസ് പ്രേമികൾ. ആനയും കുത്തിരയും മത്സ്യവുമെല്ലാം കണ്ണിന് മുന്നിൽ വളരെ രസകരമായി ഓടിനടക്കുകയാണ്. അവയുടെ അഭ്യാസപ്രകടങ്ങൾക്കെല്ലാം കാണികൾ‌ കയ്യടിക്കുകയും കൂക്കിവിളിക്കുകയും ചെയ്യുന്നുണ്ട്.    

കാണികളെ പ്രകമ്പനം കൊള്ളിക്കുന്ന റോൺക്കലിയുടെ ത്രീഡി സർക്കസ് ജർമനിയിലെ പരമ്പരാ​ഗത സർക്കസ് കമ്പനികൾക്ക് വൻവെല്ലുവിളി ഉയർത്തിയിരിക്കുന്നത്. 1976-ൽ ജർമനിയിൽ സ്ഥാപിതമായ സർകസ് കമ്പനിയാണ് റോൺക്കലി. 
 
 

click me!