ഇറാനിലെ അമേരിക്കൻ ആക്രമണം, ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോ‍ർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം; നിലവിൽ പ്രശ്നങ്ങളില്ലെന്ന് ഐഎഇഎ

Published : Jun 22, 2025, 01:27 PM ISTUpdated : Jun 22, 2025, 01:28 PM IST
usa attack iran

Synopsis

നിലവിൽ ആണവവികരണ തോതിൽ കാര്യമായ മാറ്റങ്ങളില്ലെന്ന് ഐഎഇഎ അറിയിച്ചു

ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോ‍ർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം. ഇത് വരെ ആണവവികരണ തോതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) യുടെ അറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ എ ഇ എ വ്യക്തമാക്കി. ഫോർദോയ്ക്ക് സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിലവിൽ ആശങ്കപ്പെടുത്തുന്ന തോതിൽ വികരണമുണ്ടായിട്ടില്ല. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോർജ പദ്ധതികൾ ഉടനൊന്നും തുടരാൻ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തൽ. എന്നാൽ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഫോര്‍ദോ ആണവ കേന്ദ്രം തകര്‍ത്തെന്ന അമേരിക്കന്‍ അവകാശവാദമടക്കം ഇറാന്‍ തള്ളിക്കളഞ്ഞു. ആണവകേന്ദ്രത്തിന് കാര്യമായ കേടുപാടില്ലെന്നാണ് ഇറാൻ പറയുന്നത്. അണുവികരണമോ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ല. ആണവ സംപുഷ്ടീകരണത്തിന്റെ വേഗം വർധിപ്പിക്കുമെന്നും ഇറാൻ ആണവോർജ്ജ സമിതി വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണം അന്തരാഷ്ട്ര നിയമങ്ങളുടെയും ആണവ നിർവ്യാപന കരാറിന്റെയും ലംഘനമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരിഗഞ്ചി പ്രതികരിച്ചു. യു എൻ ചാർട്ടർ അനുസരിച്ച് പ്രതിരോധിക്കാനുളള അവകാശം ഇറാനുണ്ട്. ഈ അവകാശം വിനിയോഗിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു.

അതേസമയം ഇറാൻ ചർച്ചയ്ക്ക് തയാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പാണ് ആക്രമണത്തിന് ശേഷം അമേരിക്ക നൽകിയിരിക്കുന്നത്. ഇറാനിലെ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. മുന്നറിയിപ്പും ഭീഷണിയും കലര്‍ന്നതായിരുന്നു പ്രസിഡന്‍റ് ട്രംപിന്‍റെ അഭിസംബോധന. ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ഒരു ടീമായി പ്രവര്‍ത്തിച്ചു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്രമിച്ച സൈന്യത്തെ അഭിനന്ദിക്കുന്നു. ഒറ്റത്തവണത്തേക്കുളള ആക്രമണമാണ് ഇപ്പോഴുണ്ടായത്. ഈ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. അമേരിക്കയുടെ ഏതെങ്കിലും സൈനിക താവളം ലക്ഷ്യമിട്ടാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ ഇറാൻ ആക്രമണത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ നന്ദി അറിയിച്ചു. ലോകത്ത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യം ട്രംപ് ചെയ്തു. ലോകത്തെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ ഇല്ലാതാകാന്‍ പ്രവര്‍ത്തിച്ച ട്രംപിന് നന്ദി പറയുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയേയും ലോകത്തേയും സമാധാനത്തിലേക്ക് നയിക്കാന്‍ ട്രംപിന്‍റെ നീക്കത്തിന് കഴിയും. ശക്തിയിലൂടെ സമാധാനം ഉണ്ടാകുമെന്ന് യുഎ സ് സൈന്യം പ്രവര്‍ത്തിച്ചു കാണിച്ചെന്നും നെതന്യാഹു പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്