
ന്യൂയോർക്ക്: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് നീങ്ങുന്നു. 47 ലക്ഷം കടന്ന രോഗികളുടെ എണ്ണം മൂന്ന് ദിവസങ്ങൾക്കുള്ളിൽ അമ്പത് ലക്ഷം കടക്കും എന്നാണ് വിലയിരുത്തൽ. ലോകത്ത് ദിവസം ഒരു ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിക്കുന്നുണ്ട് എന്നാണ് കണക്ക്. അതേസമയം, കൊവിഡ് മരണങ്ങൾ മൂന്ന് ലക്ഷത്തി പതിമൂന്നായിരം കടന്നു.
കൊവിഡ് ഗുരുതരമായ 30 ശതമാനം പേരിൽ രക്തം കട്ടപിടിക്കുന്ന പ്രവണത കണ്ടുവരുന്നതായി വിദഗ്ധർ പറയുന്നു. കൂടുതൽ പേരിലും മരണകാരണമാകുന്നത് രക്തം കട്ട പിടിക്കുന്നതിനാലാണ്. എൺപത്തി ഒമ്പതിനായിരം മരണം സംഭവിച്ച അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതൽ ആഘാതം വരുത്തിയത്. അമേരിക്കയിൽ കൊവിഡ് ബാധ 15 ലക്ഷം കടന്നു. മരണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്.
മുപ്പത്തിനാലായിരം മരണം നടന്ന ബ്രിട്ടനാണ് മരണസംഖ്യയിൽ ലോക പട്ടികയിൽ രണ്ടാമത്. മൂന്നാമതുള്ള ഇറ്റലിയിൽ മുപ്പത്തിയോരായിരം പേർക്കാണ് ജീവൻ നഷ്ടമായത്. മരണനിരക്ക് കുറഞ്ഞെങ്കിലും സ്പെയിനിൽ ലോക്ഡൗണ്‍ ജൂണ്‍ അവസാനം വരെ നീട്ടാൻ സർക്കാർ ആലോചന. ഇറ്റലിയിൽ യാത്രനിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് ഏർപ്പെടുത്തി.
മെക്സിക്കോയിലും, ബ്രസീലിലും കൊവിഡ് വ്യാപനം കൂടുകയാണ്. ബ്രിട്ടനിൽ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി. ചിലയിടങ്ങളിലെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടയിൽ അഞ്ഞൂറിലധികം പേരാണ് ബ്രിട്ടനിൽ മരിച്ചത്. അതേസമയം, ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് നൽകുന്നത് ഭാഗികമായി പുനരാരംഭിക്കുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam