കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ആശുപത്രിയില്‍ തുടരും

By Web TeamFirst Published Apr 10, 2020, 1:55 PM IST
Highlights

ബോറിസ് ജോണ്‍സണ്‍ കൊവിഡില്‍ നിന്ന് മുക്തനാകുന്നതിന്റെ ആദ്യഘട്ടത്തിലാണെന്നും ഇപ്പോള്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അദ്ദേഹത്തിന് ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ബോറിസ് ജോണ്‍സണ്‍ കൊവിഡില്‍ നിന്ന് മുക്തനാകുന്നതിന്റെ ആദ്യഘട്ടത്തിലാണെന്നും ഇപ്പോള്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കുവെച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ചയോടെ കൂടുതല്‍ വഷളായി. ഇതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹം മാറ്റിയത്.

കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചത്. ബോറിസ് ജോണ്‍സന്റെ ആറുമാസം ഗര്‍ഭിണിയായ പങ്കാളിയും കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്.
 

click me!